പൊലീസിനെ വെട്ടിച്ച് യുവാക്കൾ കഞ്ചാവുമായി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്

ടുക്കി : കമ്പംമെട്ടിൽ പരിശോധനാസംഘത്തെ വെട്ടിച്ച് കഞ്ചാവുമായി അതിർത്തി കടക്കാൻ യുവാക്കളുടെ ശ്രമം. കഞ്ചാവ് അടങ്ങിയ ബാഗുമായി പ്രായപൂർത്തിയാവാത്ത യുവാവ് ഓടിക്കയറിയത് കമ്പംമെട്ട് പോലീസ് സ്റ്റേഷനിലേക്ക്. സംഭവത്തിൽ നാലുപേരെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രായപൂർത്തിയാവാത്ത യുവാവിനൊപ്പം അടിമാലി ഇരുന്നൂർ ഏക്കർ പുത്തൻപുരക്കൽ വിനീത്, എറണാകുളം കൊച്ചുമഠത്തിൽ ആദർശ്, അടിമാലി ഇസ്ളാംനഗറിൽ സബിർ റഹ്മാൻ എന്നിവരാണ് പിടിയിലായത്.കമ്പംമെട്ടിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് തമിഴ്നാട്ടിൽ നിന്ന് ഇരുചക്രവാഹനത്തിൽ യുവാക്കൾ എത്തിയത്.

തമിഴ്നാട് പോലീസ് കൈകാണിച്ചിട്ടും നിർത്താതെ അതിർത്തി കടക്കാൻ ശ്രമിച്ച വാഹനം കേരള പോലീസും എക്സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടയുകയായിരുന്നു. പരിശോധനാസംഘത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. വിനീതും 17 വയസുകാരനും ഓടിരക്ഷപ്പെടാൻ മുന്നിൽ കണ്ട ഇടവഴിയിലൂടെ ഓടി. ഓടിക്കയറിയത് പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലേക്കായിരുന്നു.

Top