ഓണ്‍ലൈനായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കി; യുവാവിന് നഷ്ടമായത് ഒരുലക്ഷത്തോളം രൂപ

ബെംഗളൂരു: ഓണ്‍ലൈനായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ശ്രമിച്ച യുവാവിന് ഒരുലക്ഷത്തോളം രൂപ നഷ്ടമായി. ഐടി ജീവനക്കാരനായ ഇയാള്‍ ലൈസന്‍സ് പുതുക്കുന്നതിനായി ഇന്റര്‍നെറ്റില്‍ തെരഞ്ഞപ്പോള്‍ കിട്ടിയ വ്യാജ നമ്പറില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവിന് 89,993 രൂപ നഷ്ടമായത്.

ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനായി കെആര്‍ പുരം ആര്‍ടിഒയുടെ നമ്പര്‍ തെരഞ്ഞപ്പോഴാണ് 8144910621 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ലഭിച്ചത്. വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത വ്യക്തി താന്‍ ആര്‍ടിഒ ജീവനക്കാരനാണെന്നും 10 മിനിട്ടുള്ളില്‍ ലൈസന്‍സ് പുതുക്കാന്‍ സഹായിക്കാമെന്ന് പറയുകയുമായിരുന്നുവെന്ന് തട്ടിപ്പിനിരയായ യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

ആദ്യം ഫോണില്‍ ഒരു ഒടിപി വരുമെന്നും അത് അയച്ചുതരണമെന്നും അതിനു ശേഷം ഒരു വെബ് ലിങ്ക് കൂടി അയക്കുമെന്നും അതില്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കണമെന്നുമായിരുന്നു ആവശ്യം. ഒടിപിയും ലിങ്കും അയച്ചതോടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയെന്നു കരുതിയെങ്കിലും 24 മണിക്കൂറിനു ശേഷം ഗൂഗിള്‍ പേ വഴി പണം നഷ്ടമാവുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവാവ് ബന്ധപ്പെട്ട വ്യക്തി ആര്‍ടിഒ ജീവനക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത വൈറ്റ് ഫീല്‍ഡ് പൊലീസ് കേസ് സൈബര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Top