കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ 114 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയില്‍. ചെട്ടുംകുഴി സ്വദേശി ജി.കെ മുഹമ്മദ് അജ്മല്‍ (23) ആണ് അറസ്റ്റിലായത്. കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. 114 കിലോ കഞ്ചാവ് രണ്ട് കിലോയിലധികം വരുന്ന 54 പാക്കറ്റുകളാക്കി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്.

കാസര്‍കോടും സമീപ പ്രദേശങ്ങളിലുമായി വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പിടികൂടിയ കഞ്ചാവിന് ഏകദേശം രണ്ടുലക്ഷത്തോളം വിലമതിക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെകടറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രവന്റീവ് ഓഫിസര്‍മാരായ ഇ.കെ ബിജോയ്, എം.വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശൈലേഷ് കുമാര്‍, എല്‍. മോഹന്‍ കുമാര്‍, വി. മഞ്ജുനാഥ്, സി. അജീഷ്, എക്‌സൈസ് ഡ്രൈവര്‍ പി.വി ഡിജിത്ത് എന്നിവരുമുണ്ടായിരുന്നു.

 

Top