റെഡിമെയ്ഡ് വസ്ത്രങ്ങൾക്കിടയിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ യുവാവ് പിടിയിൽ

കൊച്ചി : കഞ്ചാവ് റെഡിമെയ്ഡ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. വിദേശത്തേക്ക് വസ്ത്രങ്ങൾക്കൊപ്പം പാഴ്‌സൽ ആയാണ് യുവാവ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇടുക്കി പീരുമേട് സ്വദേശി അജീഷ് ശശിധരനാണ് അറസ്റ്റിലായത്. എറണാകുളം എ എൽ ജേക്കബ് റോഡിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴിയാണ് 25കാരനായ അജീഷ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ സെൻട്രൽ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്.

ദുബായിലെ വിലാസത്തിലേക്ക് അയക്കുന്നതിനുള്ള ട്രാക്ക് സ്യൂട്ട്, ടീ ഷർട്ട് അടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്ന നിലയിലാണ് പാഴ്‌സൽ കൊറിയർ സ്ഥാപനത്തിൽ പ്രതി എത്തിച്ചത്. സ്കാനിങ്ങിൽ കണ്ടെത്താൻ കഴിയാത്ത വിധം ചെറിയ ചെറിയ പാക്കറ്റുകളിലാക്കി , ഓരോ വസ്ത്രങ്ങൾക്കിടയിലും തിരുകിയാണ് ഇയാൾ കഞ്ചാവ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്.

ഇത്തരത്തിൽ മൂന്നര കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. മുൻപ് ഇത്തരത്തിൽ തുണിത്തരങ്ങൾ കഞ്ചാവ് പാഴ്‌സൽ ആയി കൊറിയർ സർവീസ് വഴി അയച്ചിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ ദുബായിലെ വിലാസക്കാരനെക്കുറിച്ചും മറ്റ് കൂട്ടാളികളെപറ്റിയും ഉള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുകയാണ്.

Top