Youth to rally behind LDF to assembly

തൃശ്ശൂര്‍: സമരമുഖങ്ങളിലെ പോരാട്ട വീര്യം മത്സരിക്കുന്ന മണ്ഡലങ്ങളിലും പടര്‍ത്തിയ ഇടത് യുവജന സംഘടനാ നേതാക്കളുടേത് അമ്പരപ്പിക്കുന്ന വിജയം.

ഒല്ലൂരില്‍ നിന്ന് മത്സരിച്ച എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ കെ രാജന്‍ 13248 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6,247 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിലെ എം പി വിന്‍സന്റിനുണ്ടായിരുന്നത്.

പ്രചരണരംഗത്ത് കാടിളക്കിയുള്ള പ്രചരണമാണ് രാജന് വേണ്ടി മണ്ഡലത്തിലുടനീളം നടന്നിരുന്നത്. യുവജന-മഹിളാ-വിദ്യാര്‍ത്ഥി സ്‌ക്വാഡുകള്‍ സജീവമായിരുന്നു.

കേന്ദ്രസംസ്ഥാന പ്രാദേശിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുതല്‍ ജിഷയുടെ കൊലപാതകം വരെ മണ്ഡലത്തില്‍ പ്രചരണ വിഷയമായി. ഏറ്റവുമൊടുവില്‍ രാജനെതിരെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം അപവാദ പ്രചരണങ്ങള്‍ നടത്തി ഫേസ്ബുക്കിലും മറ്റുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെല്ലാമുള്ള തിരിച്ചടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് രാജന്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

ചെങ്കോട്ടയായ തലശ്ശേരിയില്‍ കഴിഞ്ഞ തവണ കോടിയേരി ബാലകൃഷ്ണന്‍ നേടിയ 26,509 വോട്ടിന്റെ ഭൂരിപക്ഷം തകര്‍ത്ത് 34,117 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വമ്പന്‍ വിജയം നേടിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ കോടിയേരിയുടെ പിന്‍ഗാമിയായത്.

എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ ഷംസീറിന്റെ സഹപ്രവര്‍ത്തകനായിരുന്ന അബ്ദുള്ളക്കുട്ടിയെ രംഗത്തിറക്കി മണ്ഡലത്തില്‍ അത്ഭുതം സൃഷ്ടിക്കാനുള്ള യുഡിഎഫ് നീക്കം ദയനീയമായാണ് തകര്‍ന്നടിഞ്ഞത്.

തലശ്ശേരിയുടെ പൊതുരംഗത്ത് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നിറഞ്ഞ് നില്‍ക്കുന്നതും എതിരാളികളോട് പോലും സൗമ്യമായി ഇടപെടുന്നതും ഷംസീറിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിച്ച ഘടകമായി. ചുവപ്പ്‌കോട്ട അതിന്റെ പാരമ്പര്യം കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ചത് ചെങ്കൊടിയുടെ കരുത്താണ് വെളിവാക്കുന്നത്.

ഒരു തിരഞ്ഞെടുപ്പിലും ഇന്ന് വരെ പരാജയപ്പെട്ടിട്ടില്ലാത്ത അബ്ദുള്ളക്കുട്ടിയെ അത്ഭുതക്കുട്ടിയാക്കാന്‍ ഇറങ്ങിയവര്‍ക്ക് ‘നനഞ്ഞ പൂച്ച’യുടെ അവസ്ഥയിലേക്ക് മാറ്റിയാണ് തലശ്ശേരി ജനത മറുപടി നല്‍കിയത്.

തൃപ്പൂണിത്തുറയില്‍ മന്ത്രി ബാബുവിന്റെ കുത്തക അവസാനിപ്പിക്കാന്‍ സിപിഎം നിയോഗിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും യുഡിഎഫ് കേന്ദ്രങ്ങളെ മാത്രമല്ല രാഷ്ട്രീയ മേഖലയെയാകെ ഞെട്ടിച്ചു കൊണ്ടാണ് അട്ടിമറി വിജയം നേടിയത്.

ആധുനിക പ്രചരണ രീതി സംസ്ഥാനത്ത് ഏറ്റവുമധികം ഉപയോഗപ്പെടുത്തിയ സ്വരാജ് പ്രചരണ രംഗത്ത് ബാബുവിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

അഴിമതി തന്നെയായിരുന്നു മണ്ഡലത്തിലെ പ്രധാന പ്രചരണ വിഷയം. ബാര്‍ കോഴ ആരോപണമാണ് ബാബുവിനെതിരെ ഇടതുപക്ഷം പ്രധാന ആയുധമാക്കിയിരുന്നത്.

കാല്‍ നൂറ്റാണ്ടോളം മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ കൈവശം വച്ച മണ്ഡലത്തില്‍ അട്ടിമറി നേടിയത് സ്വരാജിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു പൊന്‍തൂവലാണ്.

ഇടത് യുവജന സംഘടനകളെ സംബന്ധിച്ച് ഒല്ലൂര്‍,തലശ്ശേരി,തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വിജയം അഭിമാനമായി മാറിയിരിക്കുകയാണിപ്പോള്‍. ഡിവൈഎഫ്‌ഐ – എഐവൈഎഫ് സംഘടകളുടെ സംസ്ഥാന അമരക്കാരുടെ വിജയം യുവജന പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അനവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി തെരുവില്‍ ചോര ചിതറിയ നേതാക്കളാണ് രാജനും ഷംസീറും സ്വരാജും.

ഈ പോരാട്ടവീര്യം ഇനി നിയമസഭയില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യുവജന പ്രവര്‍ത്തകര്‍.

Top