14കാരന്റെ കൊലപാതകത്തിന് പിന്നാലെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ കഥ

murder

കൊൽക്കത്ത: ബംഗാളിൽ 14 വയസുകാരന്റെ കൊലപാതകത്തിന് പിന്നാലെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ കഥ. കൊലക്കേസിൽ പിടിയിലായ അയൽ വാസിയാണ് താൻ വർഷങ്ങളായി നടത്തിക്കൊണ്ടിരുന്ന തട്ടിപ്പ് പൊലീസിനോട് തുറന്നു പറഞ്ഞത്. ബംഗാളിലെ പർബ ബർദുമാൻ ജില്ലയിലാണ് ഏറെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പും കൊലപാതകവും നടന്നത്.

ബർദുമാനിൽ കൊല്ലപ്പെട്ട അർഷാദ് ഷേഖിയെ അയൽവാസിയായ ജമാൽ ഷേഖായിരുന്നു കൊലപ്പെടുത്തിയത്. കേസിൽ ഇയാളെ പൊലീസ് പിടികൂടി കൊലപാതക കാര്യം അന്വേഷിച്ചപ്പോളാണ് വർഷങ്ങളായി താൻ അർഷാദിന്റെ പേരിൽ നടത്തിയിരുന്ന തട്ടിപ്പ് പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്, ജമാൽ ഷേഖിന്റെ അയൽവാസിയാണ് കൊല്ലപ്പെട്ട അർഷാദ് ഷേഖ്. ബർദുമാനിൽ അമ്മയുടെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു അർഷാദ് താമസിച്ചിരുന്നത്. അർഷാദിന്റെ പിതാവ് വർഷങ്ങൾക്ക് മുൻപ് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് കേരളത്തിലേക്ക് പോയിരുന്നു. കേരളത്തിൽ ജോലിചെയ്തുവരുന്ന ഇയാൾ ഇന്നേവരെ സ്വന്തം മകനെയും കണ്ടിട്ടുണ്ടായിരുന്നില്ല. ഇതെല്ലാം അറിയാമായിരുന്ന ജമാൽ ഷേഖ് അവസരം മുതലാക്കുകയായിരുന്നു. അർഷാദിന്റെ പിതാവിനെ ഫോണിൽവിളിച്ച് താനാണ് മകനെന്ന് ഇയാൾ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് വർഷങ്ങളോളം അർഷാദിന്റെ പിതാവിൽനിന്ന് പണം തട്ടുകയും ചെയ്തു.

ഓരോതവണയും ഓരോ ആവശ്യങ്ങൾ പറഞ്ഞായിരുന്നു ജമാൽ ഷേഖ് പണം വാങ്ങിയിരുന്നത്. സ്വന്തം മകൻ വിളിച്ച് ആവശ്യപ്പെടുന്നതിനാൽ പറഞ്ഞ തുകയെല്ലാം അയച്ചുനൽകുകയും ചെയ്തു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജമാൽ ഷേഖിനെ വിളിച്ച ഇയാൾ നേരിൽകാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ ജമാൽ ഷേഖ് പരിഭ്രാന്തനായി. താൻ നടത്തിവന്ന തട്ടിപ്പ് പുറത്തറിയുമോയെന്നും ഇയാൾ ഭയന്നു. തുടർന്നാണ് അയൽവാസിയായ അർഷാദ് ഷേഖിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഡിസംബർ മൂന്നിന് കാണാതായ അർഷാദ് ഷേഖിനെ തൊട്ടടുത്ത ദിവസം സമീപത്തെ വയലിൽനിന്നാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

Top