യുവാക്കള്‍ ഗീത വായിക്കണമെന്ന് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭഗവത്ഗീത വായിക്കണമെന്ന് യുവാക്കളോട് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിന്തിക്കാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും ഗീത പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു. ഇതുകൂടാതെ സംവാദങ്ങള്‍ക്ക് ധൈര്യം നല്‍കുകയും മനസ്സ് തുറന്നതാക്കി തീര്‍ക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാമി ചിത്ഭവാനന്ദയുടെ ഭഗവത് ഗീത നിരൂപണങ്ങളുടെ ഇ ബുക്ക് പ്രകാശനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഗീതയാല്‍ പ്രചോദിതരായവര്‍ എല്ലായ്പ്പോഴും പ്രകൃതി സ്നേഹികളും ജനാധിപത്യ ബോധമുള്ളവരുമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കുകള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ ഗീത വായിക്കുന്നത് മരുപച്ചയാണെന്നും ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ ഘട്ടങ്ങളിലേക്കുള്ള പ്രായോഗിക നിര്‍ദേശമാണ് ഗീതയെന്നും മോദി അഭിപ്രായപ്പെട്ടു.

ശ്രീരാമകൃഷ്ണ തപോവനം ആശ്രമത്തിന്റെ അധിപനായ സ്വാമി ചിത്ഭാവനാന്ദ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗീതയെക്കുറിച്ചുള്ള നിരൂപണം അഞ്ച് ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വിവിധ ഭാഷകളിലേക്കും പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

 

 

 

 

Top