കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വസതിയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

ന്യൂഡല്‍ഹി:കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി കൗശല്‍ കിഷോറിന്റെ ലഖ്‌നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മന്ത്രിയുടെ മകന്റെ പേരില്‍ ലൈസന്‍സുള്ള പിസ്റ്റള്‍ കണ്ടെടുത്തു.

ഇന്ന് പുലര്‍ച്ചെയാണ് 4.15 ഓടേയാണ് സംഭവം. കൊല്ലപ്പെട്ട വികാസ് ശ്രീവാസ്തവ, കൗശല്‍ കിഷോറിന്റെ മകന്‍ വികാസ് കിഷോറിന്റെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍ പൊലീസ് കണ്ടെടുത്ത പിസ്റ്റള്‍ മകനുടേതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

”വിനയ് ശ്രീവാസ്തവ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വികാസ് കിഷോറിന്റെ പേരിലുള്ള ഒരു പിസ്റ്റള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.’ രാഹുല്‍ രാജ് പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ബിജെപി നേതാവു കൂടിയായ മന്ത്രി അറിയിച്ചു. സംഭവത്തിനു പിന്നില്‍ ആരായാലും വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.

”സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. പൊലീസും ഫൊറന്‍സിക് ടീമും രംഗത്തുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടയാള്‍ ആരായാലും വെറുതേ വിടില്ല. മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. സംഭവം നടക്കുമ്പോള്‍ ആരാണ് വീട്ടിലുണ്ടായിരുന്നത് എന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയില്ല’ മന്ത്രി പറഞ്ഞു.

Top