യുവശക്തി വികസിത ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: രാജ്യത്തിന്റെ കരുത്തരായ യുവാക്കളുടെ കൂടെ പ്രവർത്തിക്കാൻ എന്നും ആവേശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിൽ ഇന്ന് നടന്ന യുവമോർച്ചയുടെ സങ്കല്പ് മഹാറാലിയെ വിഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കൾക്ക് കൂടുതൽ അവസരമൊരുക്കുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും, മുഖ്യമന്ത്രിമാരോ എംപിമാരോ മന്ത്രിമാരോ ആകട്ടെ എല്ലാ തലത്തിലും യുവാക്കൾക്ക് പരമാവധി പ്രാതിനിധ്യമുള്ള ഒരേയൊരു പാർട്ടിയാണ് ബിജെപിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. റാലിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിനും തന്റെ രണ്ടാമത്തെ വീട് സന്ദർശിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനും മോദി ക്ഷമാപണം നടത്തി.

ഹിമാചലിലെ യുവാക്കൾ വിനോദം, സ്‌പോർട്‌സ് തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയെ അഭിമാനം കൊള്ളിച്ചുവെന്നും 1948ലെ കാശ്മീർ അധിനിവേശം മുതൽ ഇന്നുവരെ രാജ്യത്തിനുവേണ്ടി പരമമായ ത്യാഗം സഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഊർജ്വസ്വലരായ യുവാക്കൾക്ക് വേണ്ടി സർക്കാർ നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്. രാജ്യത്ത് യുവാക്കൾ സ്വയം പര്യാപ്തത നേടണമെന്ന ഉദ്ദേശത്തോടുകൂടി സർക്കാർ നിരവധി കാര്യങ്ങളാണ് ഏറ്റെടുത്തു ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു സംസാരിക്കുന്ന യുവമോർച്ചയുടെ സങ്കല്പ് റാലി മാണ്ഡി ജില്ലയിലെ ചരിത്ര പ്രസിദ്ധമായ പദ്ദൽ മൈതാനത്താണ് നടക്കുന്നത്. സംസ്ഥാനത്ത് ഈ വർഷം അവസാനം നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്തരമൊരു റാലി ബിജെപി സംഘടിപ്പിക്കുന്നത്.

Top