പത്തനംതിട്ടയിലെ ‘വാസന്തിയമ്മമഠം’ അടിച്ചുതകര്‍ത്ത് യുവജന സംഘടനകൾ

പത്തനംതിട്ട: മലയാലപ്പുഴയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രമായ ‘വാസന്തിയമ്മമഠം’ യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തു. ഇലന്തൂരില്‍നടന്ന നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംഭവം. കൂടാതെ ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഡി.വൈ.എഫ്‌.ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വിളക്കുകളും മറ്റും തകര്‍ത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തി എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു.

മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം സ്ഥിതിചെയ്തിരുന്നത്. ആറ് വര്‍ഷത്തോളമായി ഇത് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ തേടിയാണ് ആളുകള്‍ ഇടേക്കു വന്നിരുന്നത്.

നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ കോണുകളില്‍നിന്ന് പ്രതിഷേധവും പരാതിയും ഉയര്‍ന്നിരുന്നെങ്കിലും പോലീസും അധികൃതരും ഒരുതരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

Top