യൂത്ത് ഒളിമ്പിക്‌സ്; ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ

ബ്യൂണസ് ഐറിസ്: മൂന്നാമത് യൂത്ത് ഒളിമ്പിക്സ് അത്ലറ്റിക്സില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി. ഇന്ത്യയുടെ സൂരജ് പന്‍വാര്‍ 5,000 മീറ്റര്‍ നടത്തത്തിലാണ് വെള്ളി നേട്ടത്തിലെത്തിയത്. മത്സരത്തിന്റെ ആദ്യ സ്റ്റേജില്‍ 20.35.87 എന്ന സമയത്തില്‍ ഇന്ത്യന്‍ താരം രണ്ടാമതായിരുന്നു. രണ്ടാം സ്റ്റേജില്‍ 20.23.30 എന്ന നിലയില്‍ ഒന്നാം സ്ഥാനത്തെത്തി.

എന്നാല്‍, ആകെ സമയത്തില്‍ രണ്ടാമതായതോടെയാണ് സൂരജിന് വെള്ളി ലഭിച്ചത്. രണ്ടാം സ്റ്റേജില്‍ ഒന്നാമതെത്തിയ ചൈനയുടെ സിങ് വാങ്ങിനെ അയോഗ്യനാക്കിയതും ഇന്ത്യന്‍ താരത്തിന് നേട്ടമായി. സൂരജിന്റെ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ 11 ആയി. നേരത്തെ 3 സ്വര്‍ണവും ഏഴു വെള്ളിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Top