മന്ത്രി ടി.പി രാമകൃഷ്ണന്റെ വാഹനം തടഞ്ഞു; ഗോബാക്ക് വിളിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വളാഞ്ചേരി മാങ്കേരിയില്‍ വിദ്യാര്‍ത്ഥി തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ വാഹനം തടഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് പരിസരത്ത് നിയമലംഘന സമരത്തിനിടെ രാവിലെ 10.30 ഓടെയായിയിരുന്നു സംഭവം.

പ്രതിഷേധക്കാര്‍ കളക്ടറേറ്റിന്റെ പ്രധാന കവാടം ഉപരോധിച്ചുകൊണ്ടിരിക്കെ മന്ത്രി ഔദ്യോഗിക വാഹനത്തില്‍ കളക്ടറേറ്റില്‍ എത്തിയപ്പോഴാണ് പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞത്.പ്രതിഷേധക്കാര്‍ അപ്രതീക്ഷിതമായി എത്തി ഗോ ബാക്ക് വിളി വന്നതോടെ മന്ത്രിയെ മറ്റൊരു കവാടത്തിലൂടെ പോലീസ് കടത്തിവിട്ടു.

എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോവാത്തതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. സംഭവത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ലോക്ക് ഡൗണ്‍ ലംഘനമടക്കം നടത്തിയതിന് ഇരുപതോളം പേര്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തു.

Top