തനിക്കെതിരെയുള്ള വിവാദങ്ങളോട് പ്രതികരിക്കാനില്ല; മറുപടിയുമായി കെ.ടി ജലീല്‍

Kt Jaleel

തിരുവനന്തപുരം: തനിക്കെതിരെയുള്ള വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് കെ.ടി ജലീല്‍. വിവാദങ്ങള്‍ക്ക് നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധു നിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ജലീല്‍ പ്രതികരിക്കാന്‍ ഇല്ലെന്ന മറുപടിയുമായി രംഗത്തെത്തിയത്.

ബന്ധുവായ അദീപിനെ നിയമിക്കുന്നതിന് കെടി ജലീല്‍ നേരിട്ട് ഇടപെട്ടു. യോഗ്യതകള്‍ വീണ്ടും പുനര്‍നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ നോട്ട് എഴുതി. മന്ത്രിയുടെ ഇടപെടല്‍ അദീപിന് വേണ്ടിയാണെന്നും മുസ്‌ളിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു.

വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്താന്‍ മന്ത്രി കുറിപ്പ് നല്‍കിയിരുന്നു. 28.7.2016ലെ മന്ത്രിയുടെ കുറിപ്പും യൂത്ത് ലീഗ് പുറത്തു വിട്ടിട്ടുണ്ട്. അധിക യോഗ്യതയ്ക്ക് ക്യാബിനറ്റ് അംഗീകാരം ആവശ്യമില്ലെന്ന് മന്ത്രി ഫയലില്‍ എഴുതുകയും ചെയ്തു. അധിക യോഗ്യതയിലല്ല, അടിസ്ഥാന യോഗ്യതയിലാണ് മാറ്റം വരുത്തിയതെന്നും പി.കെ ഫിറോസ് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം തന്റെ അറിവോടെയാണോ എന്ന കാര്യം മന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.

കെ.ടി ജലീല്‍ അഴിമതി നടത്തിയെന്ന് വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ജലീല്‍ രാജി വെയ്ക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം പറയുകയും ചെയ്തിരുന്നു.

Top