യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ ആക്രമണം; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷാഹുലിന് നേരെ ആക്രമണം. വാടക കെട്ടിടം അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്തുള്ള തന്റെ വാടക കെട്ടിടത്തിന്റെ അറ്റകുറ്റപണിക്കെത്തിയപ്പോഴായിരുന്നു ഒരു സംഘം ഷാഹുലിനെ ആക്രമിച്ചത്.

നടന്ന് പോവുകയായിരുന്ന ഷാഹുലിനെ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടയ്ക്ക് താഴെവീണ ഷാഹുലിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. എട്ടു പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇരുമ്പ് വയര്‍ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതിയിലുണ്ട്.

കഴുത്തിനും കണ്ണിനും കൈകള്‍ക്കും സാരമായി പരിക്കേറ്റ ഷാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വോഷണമാരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചതാണ് അക്രമത്തിന് കാരണമെന്ന് ലീഗ് നേതാക്കള്‍ ആരോപിക്കുന്നത്.

Top