മരണക്കുഴി; കുഴി അടയ്ക്കാന്‍ പലതവണ പറഞ്ഞിട്ടും അധികൃതര്‍ തയ്യാറായില്ലെന്ന് കൊച്ചി മേയര്‍

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനെയും ജല അതോറിറ്റിയെയും കുറ്റപ്പെടുത്തി കൊച്ചി മേയര്‍. കുഴി അടയ്ക്കാന്‍ പലതവണ കൗണ്‍സിലര്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ അധികൃതര്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

‘അപകടം ഉണ്ടായ ഭാഗം നന്നാക്കണമെന്ന് അവിടുത്തെ കൗണ്‍സിലര്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് പല തവണ ആവശ്യപ്പെട്ടതാണ്.പരിഹാരം ഉണ്ടായില്ല.അടിയന്തരമായി കുഴി അടക്കാന്‍ പിഡബ്ല്യുഡിക്ക് നിര്‍ദ്ദേശം നല്‍കും’ എന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

ഇരുചക്രവാഹനത്തില്‍ പോകുകയായിരുന്ന യദു കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും തൊട്ടുപിന്നാലെയെത്തിയ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്.

അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് പാലാരിവട്ടത്തെ അപകടം നടന്നത്.മുമ്പ് ചെറിയ കുഴിയായിരുന്നു ഇവിടെ രൂപപ്പെട്ടത്. എട്ടുമാസം കൊണ്ട് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക്കുഴിയുടെ രൂപം മാറി. എന്നാല്‍ ഇത്രയും കാലമെടുത്തിട്ടും കുഴി അടയ്ക്കുന്നതിനുള്ള യാതൊരു നടപടിയും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല.കുഴിയുണ്ടെന്ന് അറിയിക്കാനായി അശാസ്ത്രീയമായി വെച്ച ബോര്‍ഡാണ് ഇപ്പോള്‍ അപകടത്തിന് കാരണമായത്.

സംഭവത്തില്‍ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.കേസ് ജനുവരി 14 ന് ആലുവയില്‍ നടക്കുന്ന സിറ്റിംഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കും.

അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ടി ജെ വിനോദ് എംഎല്‍എ പ്രതികരിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.

Top