കൃഷിയിടത്തിലേക്ക് കയറിയ കുരങ്ങിനെ കെട്ടിത്തൂക്കി കൊന്ന യുവാക്കള്‍ പിടിയില്‍

തെലങ്കാന: തെലുങ്കാനയില്‍ കൃഷിയിടത്തിലേക്ക് വന്ന കുരങ്ങനെ കെട്ടിത്തൂക്കി കൊന്ന മൂന്നു യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വെംസൂര്‍ ബ്ലോക്കിന് കീഴിലുളള അമ്മാപേലം ഗ്രാമത്തിലാണ് സംഭവം. കെട്ടിത്തൂക്കിയതിന് ശേഷം പട്ടികളെ അഴിച്ചു വിടുകയും ചെയ്തിരുന്നു.

കുരങ്ങിനെ കെട്ടിത്തൂക്കിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വനംവകുപ്പ് നടപടി എടുത്തത്. കുറച്ച് ദിവസങ്ങളായി ഒരു കൂട്ടം കുരങ്ങന്‍മാര്‍ സ്ഥിരമായി കര്‍ഷകന്റെ വീടിന് ചുറ്റുമുള്ള കൃഷിയിടത്തില്‍ എത്തിയിരുന്നു.

ഇവയിലൊന്നിനെയാണ് കര്‍ഷകന്‍ പിടികൂടി വയലില്‍ കൊണ്ടുപോയി ക്രൂരമായി കൊന്നത്. മറ്റ് രണ്ട് പേരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. കുരങ്ങനെ പിടിച്ചു കൊണ്ടുപോയപ്പോള്‍ മറ്റ് കുരങ്ങന്‍മാരും ഇവരെ പിന്തുടര്‍ന്നു. മറ്റു കുരങ്ങന്മാര്‍ നോക്കി നില്‍ക്കെ ഒന്നിനെ കൊന്നാല്‍ പിന്നെ ശല്യമുണ്ടാകില്ലെന്നു കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാക്കളുടെ മൊഴി.

Top