വടകര: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവൻ(40) ആണ് മരിച്ചത്. മർദനമേറ്റ സജീവൻ സ്‌റ്റേഷന് മുൻപിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
സജീവനെ എസ്‌ഐ മർദിച്ചതായി സുഹൃത്തുക്കൾ പറയുന്നു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. വാഹനാപകട കേസിൽ വ്യാഴാഴ്ചയാണ് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സജീവനെ പൊലീസ് ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.
വടകര ടൗണിൽ വെച്ച് ഇവരുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പിന്നാലെ നഷ്ടപരിഹാരം സംബന്ധിച്ച് ഇരു കാറുകളിലും ഉണ്ടായിരുന്നവർ തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതോടെ മറ്റേ കാറിൽ വന്നവർ പൊലീസിനെ വിളിച്ചു. വടകര സ്റ്റേഷനിൽ നിന്ന് കോൺസ്റ്റബിളാണ് ഇവിടേക്ക് എത്തിയത്.