ജോര്‍ജിനെ ചോദ്യം ചെയ്തു, അറസ്റ്റ് ഇല്ല, പ്രഹസനമാണ് ചോദ്യം ചെയ്യലെന്ന്

av-george

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിനെ ചോദ്യം ചെയ്തു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണു എ.വി. ജോര്‍ജ്ജിനെ ചോദ്യം ചെയ്തത്‌. കേസില്‍ എ.വി.ജോര്‍ജിന്റെ വീഴ്ച വെളിവാക്കുന്ന മൂന്നു മൊഴികള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. കസ്റ്റഡി മര്‍ദനം അറിയിച്ച ഉദ്യോഗസ്ഥനോട് എസ്പി മോശമായി പെരുമാറിയെന്നും സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് മൊഴികളിലുള്ളത് എന്നറിയുന്നു.

ഉച്ചക്ക്‌ 3 മണിയോടെയാണു എ.വി. ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്‌. ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു എ.വി. ജോര്‍ജ്ജിനെ വിളിച്ച്‌ വരുത്തി ചോദ്യം ചെയ്തത്‌. ഉദ്യോഗസ്ഥരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. എസ്പി ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ വഴിവിട്ടു പ്രോല്‍സാഹിപ്പിച്ചതിനു തെളിവു ലഭിച്ചു. ഇതുസംബന്ധിച്ചു വയര്‍ലെസ് സന്ദേശങ്ങള്‍ അടക്കം പരിശോധിച്ചു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. എസ്പിയെ പ്രതിയാക്കാനുള്ള സാധ്യത അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.

വരാപ്പുഴയിലല്ലാതെ മറ്റെവിടെയെങ്കിലും റൂറല്‍ ഫോഴ്‌സിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും വ്യാജ മൊഴി രേഖപ്പെടുത്തിയതില്‍ എ.വി. ജോര്‍ജ്ജിനു പങ്ക് ഉണ്ടോ എന്നുമാണു അന്വേഷണ സംഘം പ്രധാനമായും അന്വേഷിച്ചത്. ആവശ്യമെങ്കില്‍ ഇനിയും എ.വി.ജോര്‍ജ്ജിനെ ചോദ്യം ചെയ്‌തേക്കും.

അതേ സമയം ഇപ്പോള്‍ നടന്ന ചോദ്യം ചെയ്യല്‍ പ്രഹസനമാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനും എസ്.പിയും തമ്മിലുള്ള അടുപ്പം പുറത്തായതോടെ എന്തെങ്കിലും ചെയ്തുവെന്ന് വരുത്താന്‍ ശ്രമിക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്

Top