youth congress

തിരുവനന്തപുരം : വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കി പുറത്തിറക്കിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ലിസ്റ്റ് പിടിവള്ളിയാക്കി യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു, മഹിള കോണ്‍ഗ്രസ് നേതാക്കള്‍.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് സംഘടനാ നേതാക്കള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയ സി.പി.എം – സി.പി.ഐ പാര്‍ട്ടികളുടെ നടപടിയാണ് കോണ്‍ഗ്രസ്സ് യുവജനവിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ഹൈക്കമാന്റിനുമുന്നില്‍ ആയുധമാക്കുന്നത്. 12 വനിതകള്‍ക്ക് സി.പി.എമ്മും 4 വനിതകള്‍ക്ക് സി.പി.ഐ യും സീറ്റ് നല്‍കിയത് മഹിളാ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും പിടിവള്ളിയായിട്ടുണ്ട്.

ഇടതു മുന്നണി ആദ്യഘട്ട തിരഞ്ഞെടുപ്പ് ലിസ്റ്റ് പുറത്ത് വിട്ടപ്പോള്‍ തന്നെ ഈ ലിസ്റ്റിലെ യുവജനമഹിളാ സാന്നിദ്ധ്യം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തുന്ന തിരക്കിലായിരുന്നു ഡല്‍ഹിയില്‍ തമ്പടിച്ച സ്ഥാനാര്‍ത്ഥി മോഹികളായ യൂത്തന്‍മാര്‍. സി.പി.എം ന്റെ നടപടിയെ മാതൃകാപരമായി ചാനല്‍ ചര്‍ച്ചയില്‍ തുറന്ന പറയാന്‍ യുവനേതാവ് മാത്യു കുഴല്‍നാടന്‍ പോലും തയ്യാറായി എന്നതും ശ്രദ്ധേയമാണ്.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസ്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍, സംസ്ഥാന സെക്രട്ടറി എം.സ്വരാജ് തുടങ്ങിയ യുവനേതാക്കള്‍ക്ക് സി.പി.എം സീറ്റ് നല്‍കിയപ്പോള്‍ ജെ.എന്‍.യു വിലെ എ.ഐ.എസ്.എഫ് നേതാവ് മുഹമ്മദ് മുഹ്‌സിന്‍, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ.രാജന്‍ എന്നിവര്‍ക്ക് സി.പി.ഐ യും സീറ്റ് നല്‍കി.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സാരഥികളായ ടി.എന്‍. സീമയും കെ.കെ.ശൈലജയുമടക്കം 12 വനിതകള്‍ക്കാണ് സി.പി.എം സീറ്റ് നീക്കി വച്ചത്. സി.പി.ഐ ആകട്ടെ ബിജിമോള്‍ അടക്കമുള്ള നാല് മഹിളാ സംഘം നേതാക്കളെയും പരിഗണിച്ചു. ഇനി പുറത്ത് വരാനിരിക്കുന്ന ബാക്കി സീറ്റുകളിലും യുവ മഹിളാ പ്രാതിനിധ്യമുണ്ടാകുമെന്നാണ് സൂചന.

ഇടതുമുന്നണി സീറ്റ് നല്‍കിയ യുവവിദ്യാര്‍ത്ഥി മഹിളാ നേതാക്കളില്‍ മിക്കവരും വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത് എന്നതിനാല്‍ തങ്ങളെയും അത്തരത്തില്‍ പരിഗണിക്കണമെന്നതാണ് കോണ്‍ഗ്രസ്സ് പോഷക സംഘടന നേതാക്കളുടെ ആവശ്യം. ഹൈക്കമാന്റിന്റെ ഇടപെടല്‍ ഇടത് സീറ്റ് നിര്‍ണ്ണയത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം.

ഇന്ന് നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിനുശേഷം ഒന്നാം തീയതി സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടുക.

Top