വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിമാനത്തിനുളളിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും മർദിച്ചെന്ന് പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ‘ഞങ്ങൾ മുഖ്യമന്ത്രിയെ ഒന്നും ചെയ്തിട്ടില്ല. ഞാൻ ജീവിതത്തിൽ മദ്യപിക്കാത്ത വ്യക്തിയാണ്.’- അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് ഫർസീൻ മാധ്യമങ്ങളോട് പ്രതികരണം നടത്തിയത്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരെയാണ് മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുയർത്തിയതിന് അറസ്റ്റ് ചെയ്തത്.

വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ‘പ്രതിഷേധം…പ്രതിഷേധം’ എന്ന് മുദ്രാവാക്യം മുഴക്കി യുവാക്കൾ ഏഴുന്നേൽക്കുകയായിരുന്നു. തുടർന്ന് ഇ പി ജയരാജൻ ഇവരെ തള്ളി താഴെയിട്ടു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലക്ഷ്യമിട്ടതെന്നുംം ഇവർ മദ്യപിച്ചിരുന്നെന്നും ഇ പി ജയരാജൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിൽനിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു.

Top