അഗ്നിപഥ് പ്രക്ഷോഭം കേരളത്തിൽ യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കും – ഷാഫി പറമ്പിൽ

കൊച്ചി: അഗ്നിപഥ് പ്രക്ഷോഭം കേരളത്തിൽ ഏറ്റെടുക്കുമെന്ന് യൂത്ത് കോണ്ഗ്രസ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ അറിയിച്ചു. യുവാക്കളുടെ തൊഴിൽ സാധ്യതകൾ തച്ചു തകർക്കുന്ന ജെസിബിയാണ് അഗ്നിപഥ് പദ്ധതിയെന്ന് ഷാഫി പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടു വന്ന പദ്ധതി അഗ്നിപഥ് അല്ലെന്നും അഗ്നിഅബദ്ധ് ആണെന്നും ഷാഫി പരിഹസിച്ചു. അതേസമയം എറണാകുളം കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ വലിയ സംഘർഷമുണ്ടായി പൊലീസും യൂത്ത് കോണ്ഗ്രസും പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി.

അഗ്നിപഥിനെ ചൊല്ലിയുള്ള പ്രതിഷേധത്തിൽ മൂന്നാം ദിവസവും ഉത്തരേന്ത്യയിൽ വ്യാപക അക്രമമാണ് ഉണ്ടായത്. ബിഹാറില്‍ പ്രതിഷേധക്കാര്‍ നാല് ട്രെയിനുകള്‍ കത്തിച്ചു. ഉപമുഖ്യമന്ത്രി രേണുദേവിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. ദില്ലി അടക്കം രാജ്യത്തിൻറെ കൂടുതൽ ഭാഗത്തേയ്ക്ക് പ്രതിഷേധം പടരുന്നത് ആശങ്ക വർധിച്ചിട്ടുണ്ട്.

ബിഹാറിലും യുപിയിലും യുവാക്കള്‍ രാവിലെയോടെ പ്രതിഷേധവുമായി നിരത്തിലിറങ്ങി. പലയിടത്തും ട്രെയിനുകള്‍ക്കും ബസുകള്‍ക്കും നേരെയായിരുന്നു ആക്രമണം. സമ്പർക്ക് ക്രാന്തി എക്സ്പ്രസ്, ജമ്മുതാവി വിക്രംശില, ധാനാപൂര്‍ ഫറാക്ക എകസ്പപ്രസ് എന്നീ ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു.

Top