യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; പ്രധാന കേസും ക്രൈംബ്രാഞ്ചിന് 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിര്‍ണായക നീക്കം. പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായി. മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ ഉള്‍പ്പെടെ ഏഴുപേരാണ് കേസിലെ പ്രതികള്‍.

മുഖ്യകണ്ണികള്‍ പിടിയിലായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. പ്രോസിക്യൂഷന്‍ നിയമോപദേശം ഉണ്ടായിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാത്തത് വിവാദമായിരുന്നു. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഡിഐജി വി ജയനാഥിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഡിവെഎസ്പി ജലീല്‍ തോട്ടത്തിലാണ് സംഘത്തലവന്‍.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യകണ്ണി എം ജെ രഞ്ജു മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചതിലെ മുഖ്യകണ്ണിയാണ് രഞ്ജു. രഞ്ജുവിന്റെ കൂട്ടാളികളായ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ്, വിക്രം, വികാസ് കൃഷ്ണ എന്നിവരാണ് രഞ്ജുവിന്റെ കൂട്ടാളികള്‍.കേസിലെ മറ്റൊരു പ്രതിയായ ജയ്സണ്‍ മുകളേലും നേരത്തെ കീഴടങ്ങിയിരുന്നു. സിആര്‍ കാര്‍ഡ് ആപ്പ് നിര്‍മ്മിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്സണ്‍.

Top