അശ്ലീല സന്ദേശമയച്ചയാളുടെ ഖത്തറിലെ ജോലി പോയി,പ്രതി അറസ്റ്റില്‍; പ്രതികരിച്ച് അരിത ബാബു

കോട്ടയം: തന്റെ മൊബൈല്‍ ഫോണിലേക്ക് വിദേശ നമ്പറില്‍ നിന്നു തുടര്‍ച്ചയായി വിഡിയോ കോളുകളും അശ്ലീല ദൃശ്യങ്ങളും അയച്ച കേസില്‍ മലപ്പുറം സ്വദേശിയായ പ്രവാസി അറസ്റ്റിലായതില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ, സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കുമായാണ് പരാതി നല്‍കിയതും അതില്‍ ഉറച്ചു നിന്നതുമെന്ന് അരിത ബാബു വ്യക്തമാക്കി. ഈ സംഭവത്തെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇടുകയും പരാതി നല്‍കുകയും ചെയ്തതിനു പിന്നാലെ, ഒരുപാടു പേര്‍ വിളിച്ച് സമാനമായ അനുഭവം നേരിട്ടതിനെക്കുറിച്ചും പ്രതികരിക്കാനാകാതെ പോയതിനെക്കുറിച്ചും തുറന്നുപറഞ്ഞതായി അരിത പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ട് പറമ്പില്‍ വീട്ടില്‍ ഷമീറിനെ (35) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രതിയെ ഈ സംഭവത്തെത്തുടര്‍ന്ന് കമ്പനി ജോലിയില്‍നിന്നു പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാള്‍ സിപിഎമ്മുകാരനാണ് എന്നാണ് മലപ്പുറത്തെ പാര്‍ട്ടി അനുഭാവികളില്‍നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും, ഇങ്ങനെ ചെയ്തതിനു പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ലെന്നും അരിത അരിത ബാബു മനോരമ ഓണ്‍ലൈനിനോടു പ്രതികരിച്ചു.

ഞാന്‍ ഉള്‍പ്പെടെയുള്ള ഒരുപാട് ആളുകള്‍ ഇത്തരമൊരു സാഹചര്യം നേരിടുന്നുണ്ട്. അതില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മെസേജ് അയയ്ക്കുന്നതും വിഡിയോ കോള്‍ വിളിച്ച് റെക്കോര്‍ഡ് ചെയ്ത് ആ ദൃശ്യങ്ങള്‍ വച്ച് ബ്ലാക്മെയില്‍ ചെയ്യുന്നതുമെല്ലാം ഒരുപാടു സംഭവിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കെങ്കിലുമൊക്കെ ഈ പരാതിയും കേസും പ്രചോദനമായേക്കാം.

ഇതിനൊന്നും ഒറ്റയടിക്കു മാറ്റം വരുമെന്നല്ല. കൃത്യമായ ശിക്ഷ ഉറപ്പാക്കിയാല്‍ മാറ്റം വരുമെന്ന് പ്രതീക്ഷയുണ്ട്. ഒരാളുടെ നമ്പര്‍ സംഘടിപ്പിച്ചു തുടര്‍ച്ചയായി വിളിക്കുകയും അശ്ലീല മെസേജുകള്‍ അയയ്ക്കുകയും ചെയ്യുന്നതിനെതിരെ പ്രതികരിക്കണം എന്നുള്ളതുകൊണ്ടാണ് പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഒരു സംഭവമുണ്ടായപ്പോള്‍ പരാതി കൊടുത്തിരുന്നു. പക്ഷേ, അതില്‍ കൃത്യമായ നടപടിയൊന്നുമില്ലാതെ കേസ് എങ്ങും എത്താതെ പോയി. ഇത്തവണ അതു സംഭവിക്കരുതെന്നു കരുതിയാണ് പിന്നാലെ നില്‍ക്കുന്നത്.

ഈ കേസില്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ക്കാണ് നന്ദി പറയേണ്ടത്. ഞാന്‍ ഇത്തരമൊരു പോസ്റ്റ് ഇട്ടപ്പോള്‍ത്തന്നെ അവര്‍ വിളിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രശ്‌നക്കാരനെ കണ്ടെത്തി. അയാള്‍ ജോലി ചെയ്യുന്ന സ്ഥലം കണ്ടെത്തി അവിടെ ചെന്നാണ് അവര്‍ കണ്ടത്. അവിടെവച്ച് എന്നെ വിളിച്ചിരുന്നു. .

ഈ സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടുന്നതിനു മുന്‍പ് ഞാന്‍ ഫെയ്‌സ്ബുക്കിലാണ് പോസ്റ്റ് ഇട്ടത്. ഗള്‍ഫ് നമ്പരായതിനാല്‍ ഇതേക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാനായിരുന്നു അത്. ഇന്‍കാസ് പ്രവര്‍ത്തകര്‍ അപ്പോള്‍ത്തന്നെ പ്രതികരിച്ചു. ഒരു ദിവസം വൈകിട്ടാണ് ഇതെല്ലാം സംഭവിച്ചത്. പിറ്റേന്ന് കായംകുളം ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നല്‍കി. അവര്‍ കൃത്യമായിത്തന്നെ പരാതി അന്വേഷിച്ച് പ്രതിയെ നാലു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തു.ഈ സംഭവം അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ വിളിച്ചിരുന്നു. എനിക്കൊരു പ്രതിസന്ധി വന്നപ്പോള്‍ അവരെല്ലാം വിളിച്ച് ഒപ്പമുണ്ടെന്നു പറഞ്ഞു.

ഞാന്‍ ഈ പരാതിക്കു പിന്നില്‍ ഉറച്ചു നില്‍ക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇന്‍കാസ് പ്രവര്‍ത്തകര്‍ അയാളെക്കൊണ്ട് ഒരു വിഡിയോ ചെയ്യിച്ചു. ഈ പ്രശ്‌നങ്ങളുടെ പേരില്‍ എന്നോടു മാപ്പു പറയുന്ന വിഡിയോയാണ്. പ്രൊഫൈലില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം കണ്ടപ്പോള്‍ വിഡിയോ കോള്‍ ചെയ്തതാണെന്നാണ് അയാള്‍ അതില്‍ പറയുന്നത്.

അതിനു ശേഷം, എന്നെ മനസ്സിലായപ്പോള്‍ മറ്റൊരു നമ്പറില്‍നിന്ന് അയാള്‍ മെസേജ് അയച്ചിരുന്നു. എന്നോടു ക്ഷമ ചോദിച്ച ശേഷം അയാള്‍ പറയുന്നത്, അത് എന്നെ ഉദ്ദേശിച്ച് അയച്ച മെസേജ് അല്ല എന്നാണ്. മറ്റൊരു പെണ്‍കുട്ടിക്ക് അയച്ചതാണത്രെ. ഏതു പെണ്‍കുട്ടിക്ക് അയച്ചതാണെങ്കിലും അതില്‍ പ്രശ്‌നമില്ലേ? ആ പെണ്‍കുട്ടിക്ക് ചിലപ്പോള്‍ ഇതുപോലെ പ്രതികരിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

ഞാന്‍ ഇത്തരമൊരു പോസ്റ്റ് ഇട്ടപ്പോള്‍ത്തന്നെ ഒരുപാടു പെണ്‍കുട്ടികള്‍ എനിക്ക് മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്തു. നിങ്ങളെങ്കിലും പ്രതികരിച്ചു കണ്ടതില്‍ സന്തോഷം എന്നാണ് അവരെല്ലാം പറയുന്നത്. അവര്‍ക്കെല്ലാം ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, പരാതിയുമായി പോയാല്‍ എന്താകും എന്നൊന്നും ഉറപ്പില്ലാത്തതുകൊണ്ട് മിണ്ടിയില്ലെന്നാണ് അവര്‍ പറഞ്ഞത്.

അന്ന് ഈ പ്രതിയെ കാണാന്‍ ചെന്ന ഇന്‍കാസ് പ്രവര്‍ത്തകര്‍ അയാളുടെ ഫോണ്‍ പരിശോധിച്ചിരുന്നു. അതിലുള്ള കാര്യങ്ങള്‍ അത്ര സുഖകരമല്ല എന്നാണ് അവര്‍ പറഞ്ഞത്. എങ്കിലും നമ്മള്‍ നിയമത്തിന്റെ വഴിക്കു തന്നെ നീങ്ങാന്‍ തീരുമാനിച്ചതിനാല്‍ വേറൊന്നും ചെയ്തില്ല. സംഭവം അറിഞ്ഞശേഷം അന്നുതന്നെ കമ്പനി അയാളെ പിരിച്ചുവിട്ടിരുന്നു. അന്നു രാത്രിയോടെ അയാളെ നാട്ടിലെത്തിക്കുകയും ചെയ്തു.

ഇതിനു പിന്നില്‍ രാഷ്ട്രീയം ഉള്ളതായി തോന്നുന്നില്ല. പക്ഷേ, ഈ സംഭവം അറിഞ്ഞ ശേഷം മലപ്പുറത്തുനിന്ന് വിളിച്ച സുഹൃത്തുക്കളും പ്രവര്‍ത്തകരും പറഞ്ഞത് ഇയാള്‍ സിപിഎമ്മുകാരനാണ് എന്നാണ്. പക്ഷേ, ഇയാള്‍ ഇങ്ങനെ ചെയ്തതിനു പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ലെന്നും അരിത പറഞ്ഞു.

ഈ കേസില്‍ ഞാന്‍ നേരിടുന്ന ഒരു പ്രതിസന്ധി, എന്റെ ഫോണ്‍ ഇനി പൊലീസിനു മുന്നില്‍ ഹാജരാക്കണം എന്നതാണ്. അയാള്‍ മെസേജ് അയച്ചതിനും വിളിച്ചതിനും ഉള്ള തെളിവ് എന്റെ ഫോണാണല്ലോ. ഇതാണെങ്കില്‍ ഞാന്‍ അടുത്തിടെ വാങ്ങിയതാണ്. ഇഎംഐ ഉള്ളതാണ്. ആകെ ആറു തവണത്തെ അടവു മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഈ ഫോണ്‍ പൊലീസിനു കൈമാറിയാല്‍ അത് എന്നത്തേക്കു തിരിച്ചുകിട്ടും എന്ന് അവര്‍ക്കു പോലും അറിയില്ല. എന്തായാലും പരാതിയുമായി ഇറങ്ങിയ സ്ഥിതിക്ക് ഈ ഫോണ്‍ ഇന്നു തന്നെ ഹാജരാക്കും.

Top