കാസര്‍ഗോട് ഇരട്ടക്കൊലപാതകം; സംശയാസ്പദമായി രണ്ട് വാഹനങ്ങള്‍ കണ്ടെത്തി

കല്ല്യോട്ട്: കാസര്‍ഗോട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി. ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവ കാറുമാണ് കണ്ടെത്തിയിരിക്കുന്നത്.

കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപത്തുള്ള കണ്ണാടിപ്പാറ എന്ന സ്ഥലത്തു നിന്നുമാണ് കാറുകള്‍ കണ്ടെത്തിയിരിക്കുന്നത്. സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തുകയാണ്.

അതേസമയം, കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ മൊഴിയുമായി മുഖ്യപ്രതി പീതാംബരന്‍ രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുള്ള സിപിഐഎം നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് പീതാംബരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടത്തിയതിന് ശേഷം സംഘം മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികൂടിയായ സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടുവെന്നും ഇയാള്‍ നല്‍കിയ ഉപദേശ പ്രകാരമാണ് പ്രതികള്‍ വസ്ത്രങ്ങള്‍ കത്തിച്ച് കളഞ്ഞതെന്നും മൊഴിയില്‍ പറയുന്നു.

പാര്‍ട്ടിയുടെ ഏരിയ ഭാരവാവാഹിയാണ് അഭിഭാഷകനെ വിളിച്ച് ഉപദേശം തേടിയത്. വെളുത്തോളിയിലെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ എത്തിയാണ് കൊലപാതക ശേഷം സംഘം കുളിച്ചതെന്നും അതിന് ശേഷം ചട്ടഞ്ചാല്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ തങ്ങിയെന്നും പറയുന്നു. പ്രതികളെ സഹായിച്ചിട്ടില്ലെന്ന പാര്‍ട്ടിയുടെ നിലപാടിനെ ഇല്ലാതാക്കുന്ന മൊഴിയാണ് പീതാംബരന്‍ നല്‍കിയിരിക്കുന്നത്.

Top