പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

high-court

കൊച്ചി: പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്ന് ഹൈക്കോടതി.

ഹര്‍ജിയില്‍ ഉള്ളത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലെ ആശങ്കകള്‍ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ എല്ലാവരും പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നില്ലേ എന്നും ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതി ചോദിച്ചു.

വാദത്തിനിടയില്‍ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച ആയുധങ്ങള്‍ പരിശോധിക്കുവാന്‍ ഫോറന്‍സിക് സര്‍ജനെ അനുവദിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. 10 ദിവസത്തിന് ശേഷം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.

കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കേസ് മാറ്റിവെയ്ക്കാന്‍ ആവില്ലെന്നും ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ ഡിജിപി ഓഫീസിന് വീഴ്ച പറ്റിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകണമെന്നും ഹൈക്കോടതി അറിയിക്കുകയും ചെയ്തിരുന്നു.

Top