യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. രാഹുലിന് പുറമേ ജെ.എസ് അഖില്‍, കെ.എം അഭിജിത്ത് എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. പല തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടും ഇവരെ മൂന്ന് പേരെയും ഒന്നിച്ചിരുത്തി സംസാരിച്ചിട്ടും ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

ആദ്യം മുതല്‍ തന്നെ ഷാഫി പറമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി രംഗത്തെത്തിയിരുന്നു. അവസാന റൗണ്ടില്‍ ഒറ്റ പേരിലേക്ക് ചുരുങ്ങണമെന്നും തര്‍ക്കം അവസാനിപ്പിക്കണമെന്നും കെസി ജോസഫും ബെന്നി ബെഹനാനും ഉള്‍പ്പടെയുള്ള നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കെഎം അഭിജിത്തിനെ കെഎസ് യു സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതിനാല്‍ ഇനിയൊരു അവസരം നല്‍കേണ്ടതില്ല എന്ന് എ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു.

 

Top