രമ്യ ഇനി എംപി മാത്രമല്ല; ആലത്തൂരിന്റെ പെങ്ങളൂട്ടി ഇനി പുതിയ നേതൃപദവിയിലേക്ക്

ന്യൂഡല്‍ഹി: ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, 40 സെക്രട്ടറിമാര്‍, അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് പുറത്തിറക്കിയ പട്ടികയിലുള്ളത്.കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്ത് വിട്ടത്.

33 ശതമാനം വനിത സംവരണം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ചരിത്രപരമായ കമ്മിറ്റി എന്നാണ് പുതിയ പട്ടികയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഏബ്രഹാം റോയ് മണി, അമര്‍പ്രീത് ലല്ലി, അനില്‍ യാദവ്, ദീപക് മിശ്ര, സന്തോഷ് കോല്‍ക്കുന്ത എന്നിവരെയാണ് ജനറല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.

സിറ്റിംഗ് എംപിയായ സിപിഎമ്മിന്റെ പി കെ ബിജുവിനെ പരാജയപ്പെടുത്തിയാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയം സ്വന്തമാക്കിയത്. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെയായിരുന്നു രമ്യ ലോക്സഭയിലേക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നേ രമ്യ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു.

കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പി പി ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ജവഹര്‍ ബാലജനവേദിയിലൂടെയാണ് പൊതുരംഗത്തേക്കെത്തിയത്. കെ.എസ്.യുവിലൂടെയായിരുന്നു രമ്യയുടെ രാഷ്ട്രീയപ്രവേശം. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പണ്ട് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു രമ്യയുടെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായത്.

Top