youth congress march-in -secretariate-conflict

തിരുവനന്തപുരം: സ്വാശ്രയ കരാര്‍ വിഷയത്തില്‍ നിയമസഭയ്ക്കുപുറത്ത് സമരം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിനു സുരക്ഷ വര്‍ധിപ്പിച്ചു.

അതിനിടെ, കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദിക്കു മുന്നില്‍ കെഎസ്‌യുവിന്റെ പ്രതിഷേധം. കരിങ്കൊടിയുമായി എത്തിയ കെഎസ്‌യുക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്നലെ ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം ശക്തമാക്കിയത്. സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും എം.ആര്‍.മഹേഷും നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേയ്ക്കു കടക്കുമ്പോഴും ഒരു ചര്‍ച്ച നടത്തിയെന്നല്ലാതെ അനുഭാവപൂര്‍വമായ ഒരു നിലപാടും സര്‍ക്കാര്‍ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

സെക്രട്ടേറിയറ്റിലേക്ക് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് എത്തിയപ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് യൂത്ത്‌കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചത്.

സന്ധിയില്ലാസമരം നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചു. ഇന്നലെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

കണ്ണീര്‍വാതക പ്രയോഗത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡീന്‍ കുര്യാക്കോസിനേയും സിആര്‍ മഹേഷിനേയും ആസ്പത്രിയിലേക്ക് മാറ്റി.

Top