മമ്മൂട്ടിയുടെ വസതിയിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് വെറും പബ്ലിസിറ്റി സ്റ്റണ്ടെന്ന് ഇ.പി. ജയരാജന്‍

കണ്ണൂര്‍: നടന്‍ മമ്മൂട്ടിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആരോപിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ സര്‍ക്കാര്‍ നടപടിയെടുത്തപ്പോള്‍ പ്രതികളെ രക്ഷിക്കാനുള്ള കോണ്‍ഗ്രസ്സിലെ ചിലരുടെ നീക്കങ്ങള്‍ തകരുകയാണുണ്ടായത്.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ചലച്ചിത്ര താരം മമ്മൂട്ടിയുടെ വസതിയിലേക്ക് പ്രകടനവുമായി പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം…

ചലച്ചിത്ര താരം മമ്മൂട്ടിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സ്വയം അപഹാസ്യരായവരുടെ വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണ്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത പിണറായി വിജയന്‍ ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയും ആര്‍ജവവും കോണ്‍ഗ്രസിലെ ചിലര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല എന്നത് കേരളീയര്‍ക്ക് മനസിലാകുന്നുണ്ട്.
കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി ചില കോണ്‍ഗ്രസുകാര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് മമ്മൂട്ടിയുടെ വീടിന് നേരെ പ്രകടനം നടത്താന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
ഗവണ്‍മെന്റിന്റെ ശക്തമായ നടപടികളും പോലീസിന്റെ കുറ്റാന്വേഷണ മികവും എല്ലാവരാലും പ്രശംസിക്കപ്പെടുമ്പോള്‍ ഇരിക്കപൊറുതിയില്ലാതായവര്‍ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ പ്രകടനം നടത്തി സംതൃപ്തി അടയുന്ന രാഷ്ട്രീയ നാടകം കാണുമ്പോള്‍ ‘ഹാ കഷ്ടം’ എന്നല്ലാതെ എന്ത് പറയാന്‍.

Top