ഹര്‍ത്താലില്‍ വലഞ്ഞ് ജനം: വാഹനങ്ങള്‍ തടയുന്നു, പരീക്ഷകള്‍ മാറ്റി

harthal

തിരുവനന്തപുരം: കാസര്‍കോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ പലസ്ഥലങ്ങളിലും വാഹനങ്ങള്‍ തടയുകയാണ്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് പന്തീര്‍പാടത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു.ആറ്റിങ്ങലില്‍ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് കടകള്‍ അടപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 11 മണിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

എറണാകുളം ജില്ലിയിലെ ചിലയിടങ്ങളില്‍ ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്.

അതേസമയം ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അക്രമമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഡി.ജി.പി അറിയിച്ചു.

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ മോഡല്‍ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എം.ബി.എ, എം.സി.എ, ബി ടെക് പരീക്ഷകളും മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

Top