കോലം കത്തിക്കൽ പ്രതിഷേധത്തിനിടെ അപകടം; ഒഴിവായത് വന്‍ ദുരന്തം

പാലക്കാട് : രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡ‍ിലെടുത്തതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കോലം കത്തിക്കൽ പ്രതിഷേധത്തിനിടെ അപകടം. അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാഷ്ട്രപതി ഭവൻ മാർച്ചിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടെയായിരുന്നു അപകടം.

പാലക്കാട് കോലം കത്തിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുണ്ടിന് തീ പിടിക്കുകയായിരുന്നു. തീ പടർന്ന മുണ്ടുമായി പൊലീസുകാർക്കിടയിലേക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ഓടിക്കയറിയത്. ഉടനെ മുണ്ട് ഊരിയെറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗൺസിലറുമായ പി എസ് വിബിനാണ് ചെറിയ രീതിയിൽ പൊള്ളലേറ്റത്.

മറ്റ് നാല് കോൺഗ്രസ് പ്രവർത്തകരുടെ വസ്ത്രത്തിലും തീ പിടിച്ചിരുന്നു. സുൽത്താൻ പേട്ട് റോഡ് ഉപരോധത്തിനിടെയുള്ള പ്രവർത്തകരുടെ ആവേശം അപകടത്തിലേക്ക് നയിച്ചത്. ഒടുവിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

 

Top