യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: കോട്ടയത്തെ എ ഗ്രൂപ്പിലെ ഭിന്നത കൂടുതല്‍ പ്രകടമാകുന്നു

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കോട്ടയത്തെ എ ഗ്രൂപ്പിലെ ഭിന്നത കൂടുതല്‍ പ്രകടമാകുന്നു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനയ്ക്ക് പുതിയ പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിട്ടുനിന്നു. അതേസമയം സ്വന്തം പക്ഷത്തു നിന്ന് ജയിച്ച ജില്ലാ സംസ്ഥാന ഭാരവാഹികളുമായി ഇരുവരും ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേകം പ്രാര്‍ഥന നടത്തുകയും ചെയ്തു. ഇപ്പോഴത്തെ പ്രസിഡന്റ് ഷാഫി പറമ്പിലിനും മുതിര്‍ന്ന നേതാവ് കെ സി ജോസഫിനും ഒപ്പമായിരുന്നു നിയുക്ത പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തിയത്.

ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം രണ്ടായി പിളര്‍ന്ന കോട്ടയത്തെ എ ഗ്രൂപ്പില്‍ തിരുവഞ്ചൂരിനും, ചാണ്ടി ഉമ്മനും ഒപ്പം നില്‍ക്കുന്ന വിഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്. കെസി വേണുഗോപാല്‍ പക്ഷവുമായി ചേര്‍ന്നായിരുന്നു ഇവരുടെ മല്‍സരം. സ്വന്തം പക്ഷത്തു നിന്ന് ജയിച്ച ഭാരവാഹികള്‍ക്ക് ഒപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനുമാണ് പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആദ്യം പ്രാര്‍ത്ഥനയ്ക്ക് എത്തിയത്. ജയിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആഗ്രഹിച്ച യുവാക്കളാണ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതെന്ന് കൂടി ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പുതിയ സംസ്ഥാന പ്രസിഡന്റിനെ സ്വീകരിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ തിരുവഞ്ചൂര്‍ പക്ഷക്കാരാരും വന്നില്ല. എ ഗ്രൂപ്പിലെ ഭിന്നതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള സ്ഥലം ഇതല്ലെന്ന് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിഞ്ഞു. വാശിയേറിയ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷവും പാര്‍ട്ടിയില്‍ തുടരുന്ന ഭിന്നത വരും ദിവസങ്ങളില്‍ കൂടുതല്‍ മൂര്‍ച്ഛിക്കുമെന്നാണ് ഇരു ഗ്രൂപ്പുകളുടെയും നേതൃത്വങ്ങള്‍ സൂചിപ്പിക്കുന്നത്.

Top