ജോജുവുമായി കൊമ്പുകോര്‍ത്ത കവലയില്‍ ലഡു വിതരണവുമായി യൂത്ത് കോണ്‍ഗ്രസ്, സഹകരിച്ചവര്‍ക്കുള്ള മധുരമെന്ന്

കൊച്ചി: കേന്ദ്രം ഇന്ധന വില കുറച്ചതില്‍ മധുരം വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്. സമരങ്ങളുടെ ഫലമായി ഇന്ധന വില കുറച്ചതിലും സമരങ്ങളോട് സഹകരിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പേരില്‍ റോഡില്‍ ലഡു വിതരണം ചെയ്തത്. സമരകേന്ദ്രം ആയി ശ്രദ്ധേയമായ വൈറ്റില കവലയില്‍ ആയിരുന്നു പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തത്.

വന്‍ കോളിളക്കം സൃഷ്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വഴി തടയല്‍ സമരം നടത്തിയ വൈറ്റില കവലയില്‍ വീണ്ടും പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയപ്പോള്‍ പൊലീസും ഓടിയെത്തി. എന്നാല്‍ അവര്‍ക്കും ലഡുവും മിഠായിയും പ്രവര്‍ത്തകര്‍ നല്‍കി.

വഴി തടയാന്‍ അല്ല, സമരം മൂലം ഇന്ധന വില കുറച്ചതിന്റെ സന്തോഷവും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ സമര കേന്ദ്രത്തില്‍ ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് സമരത്തിനോടു സഹകരിച്ചവര്‍ക്ക് മധുരം നല്‍കാനുമാണ് എത്തിയതെന്ന് പ്രവര്‍ത്തകര്‍ വിശദീകരിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി ആന്റണിയുടെ നേതൃത്വത്തില്‍ ഇതില്‍ യാത്രക്കാര്‍ക്ക് അ മധുരം വിതരണം ചെയ്തു.

വൈറ്റിലയിലെ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു. സമരത്തിന്റെ പരിണിത ഫലമാണ് ഇന്ധന വിലയിലെ ഇളവ്. സംസ്ഥാന സര്‍ക്കാര്‍ കൂടി അധിക നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ തെരുവില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

Top