മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി; പറഞ്ഞാൽ ചെയ്തിരിക്കുമെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തിരുവന്തപുരത്തെ വിളപ്പിൽശാലയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം. സജിൻ, റിജു എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധത്തെ അഭിവാദ്യം ചെയ്തു. “പിണറായി വിജയനു നേരെ വിളപ്പിൽശാലയിൽ യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി പ്രതിഷേധം… പ്രതിഷേധിക്കുമെന്ന് പറഞ്ഞാൽ ഈച്ച കയറാ കോട്ട കെട്ടിയാലും, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയ്ക്ക് നേർക്ക് പ്രതിഷേധിച്ചിരിക്കും” ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ തന്നെ പരസ്യമായി ആഹ്വാനം നൽകിയിരുന്നു. കരിങ്കൊടി കാണിച്ച എത്രപേരെ അറസ്റ്റ് ചെയ്ത് ജയിലിലിടുമെന്നും ഷാഫി ചോദിച്ചിരുന്നു.

Top