സുധാകരന്‍ നടത്തിയ ഇടപെടല്‍ തെറ്റ് ; പാര്‍ട്ടി നടപടി എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് എംഡി കൃഷ്ണകുമാര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിയ ഇടപെടല്‍ തെറ്റെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.

സുധാകരന്റെ നിലപാട് അനഭിലഷണീയമാണ്. അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

സുധാകരന്റെ ഇടപെടലിനെക്കുറിച്ച് അറിവില്ലന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠനും അറിയിച്ചു.

ഇതിനിടെ കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച കെ. സുധാകരനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്ത വന്നു. സുധാകരന്‍ കോടതിയല്ലെന്നും ഇത്തരത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത് എന്തിന് വേണ്ടിയാണെന്നും മഹിജ ചോദിച്ചു.

ഇന്നലെ രാത്രിയാണ് നെഹ്‌റു ഗ്രൂപ്പ് അധികൃതരും സുധാകരനും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഷഹീറിന്റെ ബന്ധുക്കളേയും പാലക്കാട് ചെര്‍പ്പുളശേരിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൂടിക്കാഴ്ച. കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

അതിനിടെ സുധാകരനെ ചെര്‍പ്പുളശേരിയില്‍ വച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസെത്തിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

Top