Youth-batterd-death-Vakkam-No Action-against-accused

മുന്‍ ഐഎഫ്എസ് ഓഫീസര്‍ ഡോ. ശ്രീനിവാസനു നേരെ നടന്ന ആക്രമണം അപലപനീയം തന്നെയാണ്. ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടായ അപക്വമായ ഈ നടപടിക്കെതിരെ ആ സംഘടന തന്നെ നടപടി സ്വീകരിക്കുകയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളും ആക്രമണത്തെ അപലപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇക്കാര്യം മുന്‍നിര്‍ത്തി ഇനി എസ്എഫ്‌ഐയെയും സിപിഎമ്മിനെയും കടന്നാക്രമിക്കുന്നത് ശരിയായ നടപടിയല്ല.

അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ തല്ലില്‍ അരിശംപൂണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രതികരിച്ച ഡിജിപി സെന്‍കുമാര്‍, പൊലീസ് ആസ്ഥാനത്തിന്റെ മൂക്കിന് താഴെയുള്ള വക്കത്ത് പട്ടാപകല്‍ യുവാവിനെ തല്ലിക്കൊന്ന പ്രതികളെ സംഭവം നടന്ന ഉടന്‍ പിടികൂടാതെയിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതും ഇക്കാര്യത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിടാത്തതും എന്തുകൊണ്ടാണ് ?

യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് ശേഷം മാത്രമാണ് ചില പ്രതികളെയെങ്കിലും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നത്.

ശ്രീനിവാസനെ തല്ലിയ എസ്എഫ്‌ഐ പ്രവര്‍ത്തകനെ പിടികൂടാന്‍ ശ്രമിക്കാത്തതിന്റെ പേരിലും ആക്രമണം തടയാതിരുന്നതിന്റെ പേരിലും അസി. കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ച ഡിജിപി, പട്ടിയെ തല്ലിക്കൊല്ലുന്നതിലും ഭീകരമായി ഒരു ചെറുപ്പക്കാരനെ റോഡില്‍ തല്ലിക്കൊന്ന സംഭവത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നറിയാന്‍ കേരള ജനതക്ക് താല്‍പര്യമുണ്ട്.

സംസ്ഥാനത്ത് മാത്രമല്ല ദേശീയ തലത്തില്‍ തന്നെ കേരളം അപമാനിക്കപ്പെട്ടത് ശ്രീനിവാസനെ തല്ലിയതിനല്ല. ഷബീര്‍ എന്ന യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്നതിനാണ്. ഒരു പൗരന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കേരളം പോലുള്ള സംസ്ഥാനത്ത് സാധിക്കുന്നില്ലെങ്കില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്ടിലും’ ക്രമസമാധാനപാലനം തകര്‍ന്നിരിക്കുന്നുവെന്നാണര്‍ത്ഥം.

കിരാത കൊലപാതകം അരങ്ങേറിയ തലസ്ഥാന ജില്ലയില്‍ അടുത്തയിടെയായി നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പൊലീസിന് ജനകീയ മുഖം നല്‍കാന്‍ മത്സരിക്കുമ്പോള്‍ ക്രിമിനലുകള്‍ക്ക് അത് കുറ്റകൃത്യം ചെയ്യാനുള്ള പ്രചോദനമാകുന്ന അവസ്ഥ അപകടകരമാണ്.

ശ്രീനിവാസന്‍ ആക്രമണത്തിനിരയായത് പൊലീസിന്റെ അനാസ്ഥയാണെങ്കില്‍ യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്നത് പൊലീസിങിന്റെ പൂര്‍ണ്ണ പരാജയമാണ്.

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും ക്രിമിനലുകള്‍ക്ക് പേടിസ്വപ്നമാകാനും റോഡില്‍… തെരുവില്‍… പൊലീസ് സാന്നിധ്യം അനിവാര്യമാണ്. അതിന് നട്ടെല്ലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിക്കേണ്ടത്. രാഷ്ട്രീയ ശുപാര്‍ശയില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ജനസേവനത്തിനേക്കാളുപരി മറ്റുപല താല്‍പര്യങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. പിന്നെ ഇത്തരം ഉദ്യോഗസ്ഥരെ എങ്ങിനെ അക്രമികള്‍ പേടിക്കും?

ഷബീറിനെ തല്ലിക്കൊന്നവരെ തേടി നാട്ടുകാര്‍ സംഘടിച്ച് വടികളുമായി രംഗത്തിറങ്ങുന്നത് നേരിടാനാണ് ഇപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. അവരോടായി ഒരുകാര്യം… പ്രതികരണശേഷിയുള്ളവര്‍ ആരായാലും കരളലിയിപ്പിക്കുന്ന ഈ ദൃശ്യം കണ്ടാല്‍ ആയുധമെടുത്തു പോകും… അതിനവരെ മാത്രം കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ ഈ വൈകാരിക പ്രതികരണത്തെ മുതലെടുക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതുമുണ്ട്.

അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ രംഗത്തിറക്കുന്ന പൊലീസ് പടയിലെ ഒരു വിഭാഗത്തെയെങ്കിലും ഇതുപോലെ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ നടക്കുന്ന ജില്ലകളില്‍ വിന്യസിക്കുകയാണ് വേണ്ടിയിരുന്നത്. വാഹന പരിശോധനയില്‍ ‘മിടുക്കുകാട്ടാന്‍’ റോഡില്‍ പതിയിരിക്കുന്നവരെയും വക്കത്ത് എവിടെയും കണ്ടതുമില്ല.

കോവളം തല്ല് കേസില്‍ നീതി ‘ഉറപ്പാക്കിയ’ ഡിജിപിക്ക് തല്ലിക്കൊന്ന കേസിലും നീതി ഉറപ്പാക്കാന്‍ ബാധ്യതയുണ്ട്.

പൊലീസ് ഭരണത്തില്‍ അഹങ്കരിച്ചിരുന്ന വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്കേറ്റ ഒടുവിലത്തെ പ്രഹരം കൂടിയാണ് കഴിഞ്ഞദിവസത്തെ സംഭവം.

Team Express Kerala

Top