youth attempt suicide near Secretariat

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപത്ത് പെട്രൊള്‍ നിറച്ച കന്നാസുകളുമായുളള യുവാക്കളുടെ ആത്മഹത്യാ ഭീഷണി 24 മണിക്കൂര്‍ പിന്നിട്ടു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ റാങ്ക് ഹോള്‍ഡേഴ്‌സ് അംഗങ്ങളാണ് ഇന്നലെ രാവിലെ പത്തുമണിയോടെ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഏറ്റവും മുകള്‍ നിലയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കുശേഷം ഇന്നലെ ഉച്ചയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും രേഖാമൂലമുളള ഉറപ്പുകള്‍ ലഭിക്കാതെ താഴേക്ക് ഇറങ്ങില്ലെന്നാണ് സമരക്കാര്‍ ഇപ്പോഴും വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ നിയമനം സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്കുശേഷം ഇന്നലെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സമാനമായ രീതിയില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു ഇവര്‍. തുടര്‍ന്ന് ഇവര്‍ക്ക് ജോലി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞമാസം 27ാം തിയതി മുതല്‍ ഇവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 550 പേര്‍ക്കും നിയമനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ ഇവരുടെ ലിസ്റ്റില്‍ നിന്നും 50 പേരെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുളള കമാന്‍ഡോകളായി നിയമിച്ചിരുന്നു. നിലവില്‍ ഒഴിവുകളില്ലെന്നും പരിശോധിച്ചശേഷം തീരുമാനിക്കാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. അതെസമയം സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുംമുമ്പെ തങ്ങളെ എല്ലാവരെയും നിയമിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

സമരക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളോട് പൂര്‍ണമായ അനുഭാവമാണെന്നും എന്നാല്‍ ഇത്തരത്തിലുളള സമരരീതികളെ അംഗീകരിക്കുന്നില്ലെന്നും എം. സ്വരാജ് പറഞ്ഞു.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്‍പെ ജോലി ലഭിക്കേണ്ടതാണ്. ലിസ്റ്റില്‍ നിന്നും എത്രപേരെ നിയമിക്കാന്‍ കഴിയുമെന്നതടക്കമുളള കാര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് സമയം വേണം. വിഷയങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. സര്‍ക്കാരിനെ സമരക്കാര്‍ വിശ്വസിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സെക്രട്ടറിയേറ്റിന് സമീപത്തെ മരത്തിലും സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഏറ്റവും മുകള്‍ നിലയിലും കയറിയാണ് ആറുയുവാക്കള്‍ ഇന്നലെ രാവിലെ ആത്മഹത്യാ ഭീഷണിയുമായി എത്തിയത്. 2010 മുതല്‍ ജോലിക്കായി കാത്തിരിക്കുകയാണെന്നും നിയമനം നല്‍കിയില്ലെങ്കില്‍ മരണം മാത്രം എന്ന ഫ്‌ളെക്‌സുയര്‍ത്തിയാണ് ഇവരുടെ ഭീഷണിയും.സംഭവസ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും ക്യാംപ് ചെയ്തിട്ടുണ്ട്.

Top