വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ കഴുത്തറുത്തു;പിന്നാലെ ആത്മഹത്യാശ്രമവും

വിശാഖപട്ടണം: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ കഴുത്തറുത്ത് യുവാവ്. വിശാഖപട്ടണം സ്വദേശി പ്രിയങ്ക(20)യെയാണ് 23 കാരനായ ശ്രീകാന്ത് എന്ന യുവാവ് വീട്ടില്‍ കയറി ആക്രമിച്ചത്. കൃത്യം നടത്തിയതിന് ശേഷം ശ്രീകാന്തും സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍ക്കാരായിരുന്ന ശ്രീകാന്തും പ്രിയങ്കയും നേരത്തെ പരിചയമുണ്ടായിരുന്നു. പ്രിയങ്കയെ വിവാഹം കഴിക്കണമെന്നായിരുന്നു ശ്രീകാന്തിന്റെ ആഗ്രഹം. ആറ് മാസം മുമ്പ് വിവാഹക്കാര്യം സംസാരിക്കാന്‍ ശ്രീകാന്തും മാതാപിതാക്കളും പ്രിയങ്കയുടെ വീട്ടിലെത്തിയെങ്കിലും വിവാഹത്തിന് താല്‍പര്യമില്ലെന്നായിരുന്നു മറുപടി. ഇതോടെ നിരാശനായ ശ്രീകാന്ത് കഴിഞ്ഞ ദിവസം പ്രിയങ്കയെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.

രാവിലെ 8.45-ഓടെ പ്രിയങ്കയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ശ്രീകാന്ത് കിടപ്പുമുറിയിലായിരുന്ന പ്രിയങ്കയെ കഴുത്തറുത്ത് പരിക്കേല്‍പ്പിച്ചു. ശേഷം പിന്നാലെ മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ട് രക്ഷപ്പെട്ടു. വാതില്‍ പുറത്തുനിന്ന് പൂട്ടിയത് കണ്ട പ്രിയങ്കയുടെ സഹോദരന്‍ മുറി തുറന്ന് പരിശോധിച്ചതോടെയാണ് പെണ്‍കുട്ടിയെ പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ ആക്രമിച്ച ശ്രീകാന്തിനെ പിന്നീട് കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചനിലയിലും കണ്ടെത്തി. ആശുപത്രിയിലുള്ള ഇരുവരും അപകടനില തരണം ചെയ്തതായാണ് വിവരം.

മാതാപിതാക്കള്‍ തീരുമാനിക്കുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ എന്നായിരുന്നു പ്രിയങ്കയുടെ നിലപാടെന്നും അതിനാലാണ് ശ്രീകാന്തിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതെന്നും പ്രിയങ്കയുടെ സഹോദരി പ്രതികരിച്ചു. സംഭവത്തില്‍ ശ്രീകാന്തിനെതിരേ വധശ്രമത്തിനും സ്ത്രീയ്ക്ക് നേരേ അതിക്രമം നടത്തിയതിനും ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

Top