ഇടുക്കിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇടുക്കി: എക്‌സൈസ് വകുപ്പിന്റെ തെരഞ്ഞെടുപ്പ് കാല സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ചെക്ക് പോസ്റ്റിന് സമീപത്ത് കൂടി നടന്നു വരികയായിരുന്ന മറയൂര്‍ പത്തടിപ്പാലം സ്വദേശിയില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.

സംഭവത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് 11/195 നമ്പര്‍ വീട്ടില്‍ താമസിക്കുന്ന പ്രകാശ് രാജനെയാണ് (30)ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 600 ഗ്രാം കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബാഗിനുള്ളില്‍ 110 ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

100 രൂപക്ക് തമിഴ്‌നാട്ടിലെ ഉസിലാം പെട്ടിയില്‍ നിന്ന് വാങ്ങുന്ന ഒരു പായ്ക്കറ്റ് കഞ്ചാവ് 500 രൂപയ്ക്കാണ് മറയൂരിലും പരിസരത്തും പ്രകാശ് വില്‍പ്പന നടത്തിയിരുന്നത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തില്‍ പ്രിവന്റീ ഓഫീസര്‍ കെ എസ് അസ്സീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മീരാന്‍ കെ എസ്, സത്യരാജന്‍ പി റ്റി, അജയന്‍ എ എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

 

Top