പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുപോയ യുവാവ് അറസ്റ്റിൽ

arrest

തിരുവനന്തപുരം : പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍. കടയ്ക്കാവൂര്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. ഫോണ്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ചാണ് 20 കാരനായ യുവാവ് പെണ്‍കുട്ടിയെ അര്‍ധരാത്രി ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതോടെ നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

കടയ്ക്കാവൂര്‍ മണ്ണാത്തിമൂല ഭാഗത്തു വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടത്. തുടർന്ന് നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിച്ചു. പരിക്കേറ്റ ഇരുവരെയും പൊലീസ് എത്തിയാണ് ആംബുലന്‍സില്‍ ചിറയിന്‍കീഴ് താലുക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അപകടത്തില്‍ യുവാവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ പരിക്കേറ്റ പെണ്‍കുട്ടി ബോധം വീണ്ടെടുത്തതോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

അര്‍ധരാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച രാഹുല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും പ്രലോഭിപ്പിച്ച് ബൈക്കില്‍ കടത്തി കൊണ്ടുപോയെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും കടയ്ക്കാവൂര്‍ സി.ഐ. ആര്‍. ശിവകുമാര്‍ പറഞ്ഞു.

Top