‘എയ്ഡ്സ് കാരിയർ ‘ എന്നറിയപ്പെടുന്ന ലഹരി ആംപ്യൂളുകളുമായി യുവാവ് പിടിയിൽ

കൊച്ചി: അതിമാരക മയക്കുമരുന്നായ ബ്യൂപ്രിനോര്‍ഫിന്‍ ലൂപിജെസിക് ഐപി ആപ്യൂളുകളുമായി യുവാവ് പിടിയില്‍. നെടുമ്പാശ്ശേരി അരീക്കല്‍ വീട്ടില്‍ അരുണ്‍ ബെന്നി (25) യെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. നിശാ പാര്‍ട്ടികളില്‍ ഏര്‍പ്പെടുന്ന ആലുവ കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്.

ഇയാളുടെ പക്കല്‍ നിന്ന് ഏഴ് ബ്യൂപ്രിനോര്‍ഫിന്‍ ഇഞ്ചക്ഷന്‍ ആപ്യൂളുകളും, മയക്ക് മരുന്ന് കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന രണ്ട് സിറിഞ്ചുകളും, മൂന്ന് സൂചികളും പിടിച്ചെടുത്തു. ഇതിന് മുമ്പ് 40 എണ്ണം നൈട്രോസെപാം ഗുളികകള്‍ കൈവശം വച്ചതിന് ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ക്യാന്‍സര്‍ രോഗികള്‍ പോലെയുള്ളവര്‍ക്ക് വേദന സംഹാരിയായി നല്‍കി വരുന്ന വളരെ വിനാശകാരിയായ മയക്കുമരുന്നാണിത്.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിനാല്‍ഷ്യല്‍ മാനേജരായ അരുണ്‍ അവിടെ വച്ച് പരിചയപ്പെട്ട ഒരു പെണ്‍ സുഹൃത്ത് വഴിയാണ് മയക്ക് മരുന്ന് ബ്ലാംഗ്ലൂരില്‍ നിന്ന് വാങ്ങി കൊണ്ട് വന്നിരുന്നത്.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നു എന്നത് വ്യക്തമായി.

ആലുവയിലെ ഒരു പ്രമുഖ കോളേജിലെ ക്യാംപസ്സിന് അകത്ത് ഇഞ്ചക്ഷന്‍ സിറിഞ്ചുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ ബെന്നിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഇയാളെ പല തവണ പിടികൂടാന്‍ ശ്രമം നടന്നെങ്കിലും ഷാഡോ സംഘങ്ങളുടെ പരിശോധനയില്‍ നിന്ന് രക്ഷപെടുന്നതിന് വേണ്ടി ന്യൂജനറേഷന്‍ ബൈക്കിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്.


ആലുവ ബൈപ്പാസിന് സമീപം ആംപ്യൂളുകളുമായി ആവശ്യക്കാരെ കാത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം എക്‌സൈസ് ഷാഡോ സംഘം പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ അടിവസ്ത്രത്തിലെ പ്രത്യേക നിർമ്മിച്ച അറയില്‍ നിന്ന്‌ ആംപ്യൂളുകളും, സിറിഞ്ചുകളും, കുത്തുവാനുള്ള സൂചിയും പിടിച്ചെടുത്തു.

ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ വാസുദേവന്‍ ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിദ്ധാര്‍ത്ഥ് , സിയാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്് ചെയ്തു. മയക്ക് മരുന്ന് ആംപ്യൂളുകള്‍ ഉപയോഗിക്കുന്നവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ബാംഗ്ലൂരില്‍ നിന്നും മയക്ക് മരുന്ന് ആംപ്യൂളുകള്‍ വാങ്ങാന്‍ സഹായിച്ചിരുന്ന പെണ്‍ സുഹൃത്തിനെക്കുറിച്ചുള്ള അന്വേഷണം നടത്തി വരുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു.

Top