മാറുന്ന ജമ്മുകശ്മീരും ഒരിക്കലും മറക്കില്ല ഈ കമ്യൂണിസ്റ്റിന്റെ ധീര നേതൃത്വത്തെ . . .

ശ്മീരിലെ കനലാണ് യൂസഫ് തരിഗാമി എന്ന കമ്യൂണിസ്റ്റ്. കനല്‍ ഒരു തരി മതി എന്ന് ഭീകരരെ ബോധ്യപ്പെടുത്തിയ പോരാട്ട വീര്യമാണ് ഈ സി.പി.എം നേതാവിന്റേത്. നിരവധി തവണയാണ് ഭീകരര്‍ ഈ സി.പി.എം നേതാവിനെ വധിക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ അവയെല്ലാം പരാജയപ്പെടുകയായിരുന്നു. മരണം പോലും വഴിമാറിയ ഈ ജീവിതം തന്നെ ഒരു ആവേശമാണ്.

കശ്മീര്‍ വിഘടനവാദികള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചാണ് തരിഗാമി ഇവിടെ പ്രവര്‍ത്തിക്കുന്നത്. കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി വിജയിക്കുന്നതിന്റെ മാജിക്കും ഭീകരവിരുദ്ധ നിലപാട് തന്നെയാണ്. ഇപ്പോള്‍ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി അദ്ദേഹത്തെ തടവിലാക്കിയ സൈന്യത്തിന് പോലും ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമുണ്ടാകാനിടയില്ല.

ജനങ്ങളെ വഴി തെറ്റിക്കാനല്ല, നേരായ വഴിക്ക് പോകാനാണ് തരിഗാമി ഉപദേശിക്കാറുള്ളത്. കശ്മീരിലെ പ്രമുഖ പാര്‍ട്ടികളെല്ലാം വിഘടനവാദികളുടെ കാര്യത്തില്‍ ഇരട്ട നിലപാട് സ്വീകരിക്കുമ്പോഴും ഒരൊറ്റ നിലപാടേ തരിഗാമി സ്വീകരിക്കാറൊള്ളൂ. അക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ഈ കമ്യൂണിസ്റ്റ് തയ്യാറുമല്ല.കശ്മീരിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് പ്രശ്നക്കാരെന്ന നിലപാടാണ് ഇപ്പോഴും തരിഗാമിക്കുള്ളത്.

തോക്കിനേക്കാള്‍ മൂര്‍ച്ചയുള്ള ഈ നാവിന് ഭീകരര്‍ക്കും വിഘടനവാദികള്‍ക്കുമുള്ള പേടി സൈന്യവും പലവട്ടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിഘടനവാദികള്‍ക്കൊപ്പം പോകാതെ യുവാക്കളെ പിടിച്ചു നിര്‍ത്തുന്നതില്‍ താഴ് വരയില്‍ തരിഗാമി വഹിച്ച പങ്ക് വളരെ വലുതാണ്. ഈ പ്രദേശത്തെ വീടുകളില്‍ അപ്രതീക്ഷിതമായി ഏത് നിമിഷവും കടന്ന് വരുന്ന അതിഥിയാണ് ഈ കമ്മ്യൂണിസ്റ്റ്. ജനങ്ങള്‍ തരിഗാമിയെ തേടി പോകും മുന്‍പ് തന്നെ അവരുടെ അടുത്ത് അദ്ദേഹം എത്തിയിട്ടുണ്ടാകും. അതാണ് രീതി. ഭീകരരെ പേടിച്ച് പുറത്തിറങ്ങാതെ ഇരിക്കുന്ന മറ്റ് ജനപ്രതിനിധികള്‍ കണ്ട് പഠിക്കേണ്ടതാണ് ഈ ജീവിതം.

72 കാരനായ തരിഗാമി വിദ്യര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സിപിഎമ്മിലെത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിനാണ് ജമ്മു കശ്മീര്‍ താഴ് വര അടങ്ങുന്ന കുല്‍ഗാം മണ്ഡലത്തില്‍ നിന്നും തരിഗാമി വിജയിച്ചിരുന്നത്. ജനകീയ ഇടപെടലിനുള്ള പ്രതിഫലനമായിരുന്നു ഈ തിളക്കമാര്‍ന്നവിജയം.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് പോലെ കശ്മീരില്‍ നടത്താന്‍ കഴിയില്ല. ഇവിടെ വെല്ലുവിളികള്‍ ഏറെയാണ്. ഏത് നിമിഷവും ഭീകരരുടെ തോക്കിന് ഇരയാവാം എന്നതാണ് സ്ഥിതി. പ്രത്യേകിച്ച് ഭീകരരെയും തീവ്രവാദികളെയും എതിര്‍ക്കുന്നവരുടെ ജീവിതം തന്നെ സാഹസികമാണ്. അത്തരമൊരു സാഹസികതയാണ് പതിറ്റാണ്ടുകളായി തരിഗാമി പിന്‍തുടരുന്നത്. കേരളത്തില്‍ ഒരു ലാത്തി ചാര്‍ജ് കണ്ടാല്‍ പോലും ഓടിയൊളിക്കുന്ന നേതാക്കള്‍ വെടിയുണ്ടകള്‍ക്ക് മുന്നിലെ ഈ കമ്യൂണിസ്റ്റിന്റെ ചങ്കുറപ്പ് അറിയണം.

ലോക മനസാക്ഷിയെ ഞെട്ടിച്ച കത്വ മേഖലയിലെ കൊടും ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫക്ക് വേണ്ടി ആദ്യം തെരുവിലിറങ്ങിയതും ഈ സി.പി.എം നേതാവാണ്. കശ്മീര്‍ നിയമസഭാംഗമായ തരിഗാമി നിയമസഭക്കകത്തും പുറത്തും നടത്തിയ ശക്തമായ ഇടപെടലില്‍ ഭരണപക്ഷം ശരിക്കും പ്രതിരോധത്തിലാവുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സിനും നാഷണല്‍ കോണ്‍ഫറന്‍സിനും തരിഗാമിയെ പിന്തുണക്കേണ്ട സാഹചര്യം ഉണ്ടായി. അങ്ങനെയാണ് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

2018 ജനുവരി പത്താം തിയതിയാണ് ആസിഫയെ കാണാതായിരുന്നത്. കുതിരയെത്തേടി കാട്ടില്‍ പോയ പെണ്‍കുട്ടി പിന്നീട് മടങ്ങിവന്നില്ല. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം അവളുടെ ശരീരം കീറി മുറിച്ച നിലയില്‍ കാട്ടിലാണ് കണ്ടെത്തിയിരുന്നത്. മേഖലയിലെ ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സഞ്ജീവ് റാമിന്റെ നേതൃത്വത്തില്‍ ക്രൂരമായ ബലാത്സംഗവും കൊലപാതകവും നടക്കുകയായിരുന്നുവെന്ന് പീന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. ക്ഷേത്രത്തിലെ പൂജാമുറിയ്ക്കുള്ളില്‍ വെച്ചായിരുന്നു കൂട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കിയിരുന്നത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കാനും അന്വേഷിക്കാനും ആദ്യം തയാറായിരുന്നില്ല. സംഘപരിവാറിനെ ഭയമുള്ള സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. എന്നാല്‍ ആസിഫയുടെ നീതിക്കുവേണ്ടി ചെങ്കൊടിയുമായി മുഹമ്മദ് യൂസഫ് തരിഗാമിയെന്ന ജനകീയ നേതാവ് രംഗത്തെത്തിയതോടെ കളം മാറി. പ്രതിഷേധം വലിയ രൂപത്തിലാണ് ആഞ്ഞടിച്ചിരുന്നത്.

ജനുവരി 17 ന് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടിയതിന് രണ്ട് ദിവസത്തിനു ശേഷം തരിഗാമി വിഷയം ഏറ്റെടുക്കുകയായിരുന്നു. കശ്മീരി മാധ്യമങ്ങളും തരിഗാമിക്ക് പിന്തുണ നല്‍കിയിരുന്നു. തരിഗാമിയുടെ പോരാട്ടവും അവര്‍ എടുത്തുകാട്ടി. നീതി പിടിച്ചു വാങ്ങാന്‍ ചങ്കുറപ്പുള്ള ഒരൊറ്റ കമ്യൂണിസ്റ്റ്കാരന്‍ മാത്രം മതിയെന്ന് ഇവിടെ തെളിയിക്കപ്പെടുകയായിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന തോന്നിയഘട്ടത്തിലെല്ലാം ചെങ്കൊടിയുമായി തരിഗാമി കളം നിറഞ്ഞു നിന്നു. ഫെബ്രുവരി മാസത്തില്‍ നിരവധി തവണ തരിഗാമി വിഷയം നിയമസഭയില്‍ ഉന്നയിച്ചു. അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും അദ്ദേഹം കൃത്യമായ ഇടപെടലാണ് നടത്തിയിരുന്നത്.

ബിജെപി മന്ത്രിമാരുടെ പങ്ക് തുറന്നുകാട്ടാനും സിപിഎം മുന്നിട്ടിറങ്ങി. സംസ്ഥാനത്തെങ്ങും പ്രതിഷേധം സംഘടിപ്പിക്കാനും വിഷയം ചര്‍ച്ചയാക്കാനും തരിഗാമിയും സഖാക്കളും മുന്നിട്ടിറങ്ങി. പൊലീസിനെതിരായ നീക്കങ്ങളും ഒത്തുകളിയും സിപിഎം പൊതുജനമധ്യത്തില്‍ തുറന്നുകാട്ടി. ബാര്‍ കൗണ്‍സിലിന്റെ നിലപാടുകളെ പരസ്യമായി തള്ളിപറഞ്ഞ് ആദ്യം രംഗത്തെത്തിയതും തരിഗാമിയായിരുന്നു.

മരണഭയമില്ല എന്ന് പ്രസംഗത്തിലല്ല, പ്രവര്‍ത്തിയില്‍ തെളിയിച്ച നേതാവാണ് യൂസഫ് തരിഗാമി. കാല്‍ നൂറ്റാണ്ടോളമായി ജമ്മു കശമീര്‍ താഴ് വരയില്‍ ചെങ്കൊടി പാറിപ്പറക്കുന്നതും ഈ ചുവപ്പ് മനസ്സിന്റെ കരുത്തിനാലാണ്. ‘ഭീകരരെ പേടിയില്ലേ എന്ന് ചോദിച്ച ഐ.പി.എസുകാരനോട് തരിഗാമി പറഞ്ഞത് ഭയപ്പെട്ട് ജീവിക്കുന്നതിലും ഭേദമാണ് മരണമെന്നാണ്. പൊരുതുന്ന മനസ്സുകളെ ആവേശപ്പെടുത്തുന്ന മാസ് മറുപടിയാണിത്.

Political Repoeter

Top