യൂസഫലിയുടെ പണവും വേണ്ടന്നു പറയുവാൻ ധൈര്യമുണ്ടോ സതീശാ ?

പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ മറുപടി നൽകിയതോടെ യു.ഡി.എഫിലാണ് ഇപ്പോൾ ഭിന്നത രൂക്ഷമായിരിക്കുന്നത്. സതീശൻ നൽകിയ പ്രതികരണത്തിൽ മുസ്ലീംലീഗിലെയും കോൺഗ്രസ്സിലെയും പ്രമുഖ നേതാക്കൾക്ക് കടുത്ത എതിർപ്പാണുള്ളത്. നോർക്ക വൈസ് ചെയർമാൻ എന്ന നിലയ്ക്ക് മാത്രം യൂസഫലിയുടെ പ്രതികരണത്തെ കണ്ടാൽ മതിയെന്ന നിലപാടാണ് അവർക്കിടയിൽ ഉള്ളത്. യൂസഫലിയെ പ്രകോപിപ്പിച്ചാൽ ഉള്ള അടുപ്പവും ഇല്ലാതാകുമെന്ന ഭയവും യു.ഡി.എഫ് നേതാക്കൾക്കിടയിൽ ഉണ്ട്. മുസ്ലിംലീഗിന്റെയും കോൺഗ്രസ്സിന്റെയും പ്രധാന സാമ്പത്തിക സ്രോതസ്സാണ് യൂസഫലി. ഉമ്മൻ ചാണ്ടിമുതൽ പി.കെ കുഞ്ഞാലിക്കുട്ടി വരെ അദ്ദേഹത്തിനുള്ളത് ആത്മബന്ധമാണ്. ഈ ബന്ധം ഒരു പ്രതികരണത്തിന്റെ പുറത്ത് ഇല്ലാതാക്കാൻ ഇവരാരും തന്നെ ഇഷ്ടപ്പെടുന്നില്ലന്നതാണ് യാഥാർത്ഥ്യം.

ലോക കേരള സഭയിൽനിന്നും പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനെയാണ് എം.എ.യൂസഫലി പരസ്യമായി വിമർശിച്ചിരുന്നത്. ലോക് കേരള സഭ ധൂർത്താണെന്ന ആരോപണമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നത്. “സ്വന്തം ചെലവിൽ ടിക്കറ്റെടുത്താണ് പ്രവാസികൾ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയ യൂസഫലി താമസ സൗകര്യം നൽകിയതാണോ ധൂർത്തെന്നും” ചോദ്യം ഉന്നയിച്ചിരുന്നു. നേതാക്കൾ വിദേശത്തെത്തുമ്പോൾ പ്രവാസികൾ താമസവും വാഹനവും നൽകുന്നില്ലെയെന്നും യൂസഫലി തുറന്നടിച്ചിരുന്നു. പ്രവാസികൾ ഇവിടെ വരുമ്പോൾ ഭക്ഷണം നൽകുന്നത് ധൂർത്തായി കാണരുതെന്ന അഭ്യർത്ഥനയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പൊതുവെ രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടെ അഭിപ്രായം പറയാതെ മാറി നടക്കുന്ന യൂസഫലി ഇത്തരമൊരു പ്രതികരണം നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെയാണ് അമ്പരപ്പിച്ചിരുന്നത്. തുടർന്നാണ് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തു വന്നിരുന്നത്.

പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് വിശദീകരിച്ചിരിക്കുന്നത്. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല യുഡിഎഫ് എതിർത്തതെന്നും എല്ലാത്തിനും പ്രോ​ഗ്രസ് റിപ്പോർട്ടുളള മുഖ്യമന്ത്രിക്ക്, ഇതിൽ മാത്രം പ്രോ​ഗ്രസ് റിപ്പോർട്ട് ഇല്ലാത്തതിനെയാണ് എതിർത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ലോക കേരളസഭ ബഹിഷ്‌കരണം കൂട്ടായ തീരുമാനമാണെന്നു സതീശൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ലീഗിലെ പ്രബല വിഭാഗം കടുത്ത അതൃപ്തിയിലാണ് ഉള്ളത്. പ്രവാസികളെ എതിരാക്കുന്ന ഒരു നിലപാടിനെയും പിന്തുണയ്ക്കില്ലന്നതാണ് ലീഗ് നേതൃത്വത്തിൻ്റെ നിലപാട്.

പ്രവാസികളെ പ്രകോപിപ്പിച്ചാൽ, അടുത്ത തിരഞ്ഞെടുപ്പ് വരുംമ്പോൾ സതീശൻ ഫണ്ടുണ്ടാക്കി തരുമോ എന്ന ചോദ്യം മുതിർന്ന കോൺഗ്രസ്സ് നേതാക്കളും ഉയർത്തുന്നുണ്ട്. എ – ഐ ഗ്രൂപ്പ് നേതാക്കളാണ് ഇത്തരമൊരു വാദം ഉയർത്തുന്നത്. അതേസമയം, ലോക കേരള സഭയെന്നാൽ വിജയിച്ച പ്രവാസികളുടെ കഥകൾ പറയുന്ന വേദിയാണ് എന്ന ധാരണയും ഇത്തവണ തിരുത്തപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 31 വർഷമായി പ്രവാസി ജീവിതം നയിക്കുന്ന എലിസബത്ത് ഇത്തവണ ലോക കേരള സഭയിൽ പ്രതിനിധിയാണ്. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് തന്റെ അനുഭവങ്ങൾ അവർ വിവരിച്ചിരിക്കുന്നത്. 31 വർഷവും വീട്ടു ജോലി ചെയ്താണ് എലിസബത്ത് ജീവിച്ചത്. എട്ട് വയസുമുതൽ വീട്ടു ജോലി ചെയ്യുന്ന അവരുടെ വിവാഹം പതിനെട്ടാം വയസിലായിരുന്നു. മാനസിക വൈകല്യമുള്ള ആൾക്കായിരുന്നു എലിസബത്തിനെ വിവാഹം കഴിച്ചു കൊടുത്തിരുന്നത്. ഭർത്താവുമാത്രമല്ല, ഭർത്താവിന്റെ സഹോദരനും മാനസിക വൈകല്യം അനുഭവിക്കുന്നുണ്ടായിരുന്നു. രണ്ടു കുട്ടികളുണ്ടായതിന് ശേഷം കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് അവർ പ്രവാസ ലോകത്തേക്ക് തിരിച്ചിരുന്നത്. ആദ്യം ഖത്തറിലേക്കായിരുന്നു പോയത്. 30-ാം വയസിലാണ് ഖത്തറിലെത്തുന്നത്.അടുപ്പക്കാർ ഉൾപ്പെടെ എല്ലാവരും എലിസബത്തിനോട് ചോദിച്ചിരുന്നത്, എത്ര ബാങ്കിലാണ് ചേച്ചിക്ക് അക്കൗണ്ട് ഉള്ളത് എന്നതാണ്. അതിനു അവർ നൽകിയ മറുപടി “അക്കൗണ്ടൊക്കെ ഉണ്ട്, പക്ഷേ ഇത്രയും വർഷമായിട്ട് ഒരു കിടപ്പാടവും ഇല്ലന്നതായിരുന്നു”

ഒരുവിധം നിരങ്ങി നീങ്ങുകയാണ് എലിസബത്തിന്റെ ജീവിതം. അതു തന്നെയാണ് കഴിഞ്ഞ 31 വർഷത്തെ ജീവിതത്തിൽ അവർക്കാകെ കിട്ടിയിരിക്കുന്ന സമ്പാദ്യവും. പെൺകുട്ടികളെ രണ്ടു പേരേയും കല്യാണം കഴിച്ചു കൊടത്തതാണ് ഏക ആശ്വാസം. ഭർത്താവ് മരണപ്പെട്ടതിനാൽ ഏകയായാണ് ജീവിതം.
വീട്ടുജോലി എന്നത് വളരെ കഷ്ടപ്പാടുള്ള ഒന്നാണ്. 24 മണിക്കൂറും ജോലിയാണ്. ജോലി ചെയ്തിട്ട് ശമ്പളം തരാതിരുന്ന അനുഭവവും എലിസബത്തിനു ഉണ്ടായിട്ടുണ്ട്. ശരീരം മാന്തിക്കീറപ്പെട്ടപ്പോൾ ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി എംബസിയിൽ അഭയം പ്രാപിക്കേണ്ടി വന്ന കഥയും ആ സ്ത്രീക്ക് പറയാനുണ്ട്. ചിക്കൻപോക്സ് വന്നപ്പോൾ പോലും എലിസബത്തിനെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. വിശപ്പ് സഹികെട്ടപ്പോൾ എച്ചിൽ ഭക്ഷണം പോലും കഴിക്കേണ്ട സാഹചര്യവും ഉണ്ടായി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവർ ഇക്കാര്യം വിവരിച്ചിരിക്കുന്നത്.

യൂസഫലിയും രവി പിള്ളമാരും മാത്രമല്ല, എലിസബത്തിനെ പോലുള്ള പാവങ്ങൾ കൂടിയാണ് ലോക കേരളസഭയിൽ പങ്കെടുക്കുന്നത്. അവർ എല്ലാവരും കഴിക്കുന്നതും ഒരേ ഭക്ഷണമാണ്. അതിനെ ധൂർത്തെന്ന് വിശേഷിപ്പിക്കുന്നത് ആരായാലുമത് അംഗീകരിക്കാൻ കഴിയുന്നതല്ല. വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞതു പോലെ, ലോക കേരള സഭയിലൂടെ എലിസബത്ത് ഉയർത്തിയത് സാധാരണക്കാരായ പ്രവാസികളുടെ ശബ്ദമാണ്. ഇത്തരത്തിൽ വീട്ടുജോലിക്കാരും കരാർ തൊഴിലാളികളും വിദ്യാർത്ഥികളും നിക്ഷേപകരുമടക്കം നിരവധി മേഖലകളിൽ നിന്നുള്ള പ്രവാസികളുടെ ഒന്നിച്ചുള്ള ശബ്ദം തന്നെയാണ് ലോക കേരള സഭ” . അതു തന്നെയാണ് യാഥാർത്ഥ്യവും . . .

EXPRESS KERALA VIEW

Top