‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’; എലിസബത്ത്

ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചുകാലങ്ങളായി പ്രചരിക്കുകയാണ്. ഇരുവരും പങ്കുവെക്കുന്ന കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എലിസബത്ത്. സ്‌നേഹത്തെക്കുറിച്ചും ബന്ധങ്ങളിലേല്‍ക്കുന്ന തിരിച്ചടികളെക്കുറിച്ചും പറയുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവെച്ചത്. ‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. സ്‌നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. ഒരാളെക്കൊണ്ട് സ്‌നേഹിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എലിസബത്ത് പങ്കുവെച്ച കുറിപ്പിലുണ്ട്. നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിന് കമന്റുമായി എത്തുന്നത്. ഭൂരിഭാഗം പേരും എലിബത്തിന് ആശംസകള്‍ നല്‍കി. പിന്തുണ അറിയിച്ചവരും ഏറെയാണ്.

കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്നും ബാല നേരത്തെ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നീട് ആ ലൈവ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദരസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് ബാല ആശുപത്രിയിലാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തപ്പോള്‍ എലിസബത്ത് എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

എലിസബത്ത് കൂടെയില്ലെന്ന് ഈയിടെയാണ് ബാല വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് തോന്നിക്കുന്ന കുറിപ്പുമായി എലിസബത്ത് രംഗത്ത് വന്നു. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മളെ വട്ടപൂജ്യമാക്കി തോന്നിപ്പിക്കുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും എന്നാണ് എലിസബത്ത് കുറിച്ചത്. 2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്. കുന്നംകുളം സ്വദേശിയായ എലിസബത്ത് ഡോക്ടര്‍ കൂടിയാണ്.

Top