ഭാര്യയെയും ഒന്നര വയസുള്ള മകനെയും തീ കൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

Bihar-crime

കൊച്ചി : എറണാകുളം കളമശേരിയില്‍ ഭാര്യയെയും മകനെയും തീ കൊളുത്തി കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊലചെയ്തശേഷം തൂങ്ങി മരിച്ചത്.

കളമശേരി കൊച്ചിന്‍ സര്‍വകലാശാല ക്യാമ്പസിന് സമീപം പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. സജിയുടെ ഭാര്യ ബിന്ദുവും ഒന്നര വയസ്സുള്ള മകനും ഉറങ്ങി കിടന്നപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ കൂടിയതും പൊലീസില്‍ വിവരമറിയിച്ചതും.

എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്. കഴിഞ്ഞ ഒന്നര മാസം മുമ്പാണ് സജിയും കുടുംബവും കളമശ്ശേരിയിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.

നിലത്ത് കത്തിക്കരിഞ്ഞ പായയില്‍ കിടക്കുന്ന നിലയിലാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സജിയും ബിന്ദുവും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top