കുഞ്ഞിനെ പീഡിപ്പിച്ചു; യുവാവിനെ മര്‍ദ്ദിച്ച് നാട്ടുകാര്‍, ശിവപുരിയില്‍ സംഘര്‍ഷം

ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരിയില്‍ രണ്ടര വയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിച്ചു.

ശിവപുരിയിലെ ഖനിയധാനയിലായിരുന്നു സംഭവം. വാല്‍മികി ബസ്തിയിലെ ദേവയെന്നു വിളിക്കുന്ന ഭുരയാണ് നാട്ടുകാരുടെ പിടിയിലായത്.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട ആളുകള്‍ ഭുരയെ ഓടിച്ചുപിടിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നിരവധി പേര്‍ ഭുരയുടെ വീട്ടിലെത്തുകയും വീടിനു തീയിടുകയും ചെയ്തു. ദളിതുകള്‍ താമസിക്കുന്ന ചേരിയിലാണ് ഭുര താമസിച്ചിരുന്നത്. ഇവിടുത്തെ മറ്റു വീടുകളും അക്രമികള്‍ നശിപ്പിച്ചു. നിരവധി കടകളും മദ്യഷോപ്പുകളും നശിപ്പിച്ചു. ആള്‍ക്കൂട്ടം മാര്‍ക്കറ്റിലെ കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയും ചെയ്തു.

പിന്നീട് ആളുകള്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. പ്രതിക്കെതിരെ പീഡനത്തിനു കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Top