മുസ്ലീം പള്ളിയിലെത്തിയവരുടെ ചിത്രം പകര്‍ത്തിയ യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി

ശ്രീനഗര്‍: മുസ്ലീം പള്ളിയില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങിവരുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി.

ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തത്തിലുള്ള നൗഹാട്ട പ്രദേശത്താണ് സംഭവം.

പള്ളിയില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്ന ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ജനക്കൂട്ടം യുവാവിനെ പിടികൂടി. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും വെളിപ്പെടുത്താന്‍ തയാറായില്ല.

ഇതിനിടെ പരിഭ്രമത്തില്‍ യുവാവ് കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ആളുകള്‍ക്കു നേര്‍ക്കു വെടിവച്ചു. വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ കുപിതരായ ജനക്കൂട്ടം യുവാവിനെ മര്‍ദിക്കുകയായിരുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Top