സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; ആത്മഹത്യ പ്രേരണക്ക് കേസെടുത്തു

കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോതനല്ലൂർ സ്വദേശിനി ആതിരയുടെ മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. മണിപ്പൂരിൽ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി.

കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനിയായ ആതിര എന്ന 26 വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ പെൺകുട്ടിയുടെ സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ എന്നയാൾ ഈ കുട്ടിക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചതാണ്. പെൺകുട്ടിക്ക് വിവാഹ ആലോചനകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഈ പെൺകുട്ടിയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ എന്ന യുവാവ് അയാളുടെ ഫേസ്ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ ഈ പെൺകുട്ടി ഇന്നലെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നേരിട്ട് ഈ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അരുൺ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നുണ്ട്. സൈബർ അക്രമണത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നു.

Top