കഴിഞ്ഞ കാലത്തെ സമര ചരിത്രങ്ങളും യുവ എം.എല്‍.എമാര്‍ മറന്നു പോകരുത്

കോണ്‍ഗ്രസ്സിന്റെ ഭാവി വാഗ്ദാനങ്ങളാണ് എം.എല്‍.എമാരായ ഷാഫി പറമ്പിലും ശബരീനാഥനും. അക്കാര്യത്തില്‍ ആര്‍ക്കും തന്നെ ഒരു സംശയവുമുണ്ടാകില്ല. അതേ സമയം അവര്‍ ഉയര്‍ത്തുന്ന ചില കാര്യങ്ങളില്‍ മറുപടിയും അനിവാര്യമാണ്. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സും കെ.എസ്.യുവും യൂത്ത് ലീഗുമെല്ലാം ഇപ്പോള്‍ പ്രക്ഷോഭരംഗത്താണ്. പ്രതിപക്ഷം എന്ന നിലയില്‍ സമരം നടത്താനുള്ള അവരുടെ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയുകയുമില്ല. സമരത്തിനാധാരമായ വിഷയവും സന്ദര്‍ഭവും ശരിയാണോ എന്ന് വിലയിരുത്തേണ്ടത് പൊതു സമൂഹമാണ്. അത് ഞങ്ങള്‍ ജനങ്ങള്‍ക്ക് വിടുന്നു.

എന്നാല്‍ യുവ എം.എല്‍.എമാര്‍ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തെ കുറിച്ച് ചില കാര്യങ്ങള്‍ പറയാതിരിക്കാനാവില്ല. ഷാഫിയും ശബരീനാഥും നടത്തിയ പ്രതിഷേധം കണ്ടാല്‍ പൊലീസിന്റെ അടിമേടിച്ചത് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ മാത്രമാണെന്നാണ് തോന്നിപ്പോവുക. അടികിട്ടി ചോരയൊലിപ്പിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണ് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ കുത്തിയിരുന്ന് ഈ എം.എല്‍.എമാര്‍ ഉയര്‍ത്തിക്കാടിയിരിക്കുന്നത്. ഈ മിന്നല്‍ സമരം മാധ്യമങ്ങളും ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇവിടെ എം.എല്‍.എമാര്‍ ഓര്‍ക്കേണ്ടത് മുന്‍ കാലങ്ങളിലെ ചില സംഭവങ്ങളാണ്. യു.ഡി.എഫ് കേരളം ഭരിക്കുന്ന കാലഘട്ടത്തിലെ പൊലീസ് മര്‍ദ്ദനങ്ങള്‍ ഷാഫിയും ശബരീനാഥും ഓര്‍ത്തെടുക്കണം. അതല്ലങ്കില്‍ ആന്റണിയോടും ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടുമെല്ലാം ചോദിച്ച് നോക്കണം.

കെ.കരുണാകരന്റെ കാലത്തെ പൊലീസ് തേര്‍വാഴ്ചയെ കുറിച്ച് പറയാന്‍ കെ.മുരളീധരനും കഴിയും. സമാനതകളില്ലാത്ത പൊലീസ് അതിക്രമങ്ങളാണ് ഈ കാലഘട്ടങ്ങളിലെല്ലാം നടന്നിട്ടുള്ളത്. എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റു വാങ്ങിയടത്തോളം മര്‍ദ്ദനമൊന്നും ഒരു യൂത്ത് കോണ്‍ഗ്രസ്സുകാരനും വാങ്ങിയിട്ടില്ല. കുത്തു പറമ്പില്‍ 5 യുവാക്കള്‍ വെടിയേറ്റ് മരിച്ചത് യു.ഡി.എഫ് ഭരണകാലത്താണ്. ഇന്നും കിടക്കയില്‍ നിന്നും എണീക്കാന്‍ കഴിയാതെ കിടക്കുന്ന പുഷ്പന്‍ ആ സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധിച്ചതിന് ഉടുമുണ്ട് അഴിച്ചാണ് കദീന കുറ്റി ഉപയോഗിച്ച് പി.രാജീവിനെ ആക്രമിച്ചത്. അന്ന് അദ്ദേഹം എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ മുന്‍ സംസ്ഥാന നേതാക്കളായിരുന്ന എ.പ്രദീപ് കുമാര്‍, യു.പി ജോസഫ് എന്നിവരും ഭീകരമായ ആക്രമണത്തിനാണ് വിധേയരായിട്ടുള്ളത്. യു.പി ജോസഫിന്റെ തല അടിച്ച് പൊട്ടിച്ചത് നിരവധി തവണയാണ്.

എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കളായിരിക്കുമ്പോള്‍ ടി.വി രാജേഷ്, ബി.സത്യന്‍,എം.ബി രാജേഷ്, ദിനേശന്‍ പുത്തലത്ത്, മുഹമ്മദ് റിയാസ്, ജി.മുരളീധരന്‍, കെ.എസ്.ബിമല്‍, ലാല്‍ കിഷോര്‍, എസ്.പി ദീപക്, ഐ.ബി സതീഷ്, ഷംസീര്‍, എം.സ്വരാജ്, കെ.ഐ ഷെബീര്‍, എ.എ റഹീം, നിതിന്‍ കണിച്ചേരി, നിഖില്‍ തുടങ്ങിയവരും സമാനതകളില്ലാത്ത മര്‍ദ്ദനങ്ങളാണ് ഏറ്റുവാങ്ങിയിരുന്നത്. എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ലാല്‍ കിഷോര്‍ വാങ്ങിക്കൂട്ടിയ അടിയോളം സമീപകാലത്ത് ആരും തന്നെ അനുഭവിച്ചിട്ടുണ്ടാകില്ല. വളഞ്ഞിട്ട് രോക്ഷം ശമിക്കുവോളം പൊലീസ് ഈ യുവാവിനെ തല്ലുമ്പോള്‍ പെണ്‍കുട്ടികള്‍ തീര്‍ത്ത പ്രതിരോധവും ചരിത്രമാണ്. ഭിന്ന ശേഷിക്കാരനായിട്ടും പി.ബിജുവെന്ന എസ്.എഫ്.ഐ നേതാവിനെ പോലും പൊലീസ് വെറുതെ വിട്ടിട്ടില്ല. ഈ വിദ്യാര്‍ത്ഥി നേതാവിനു നേരെ തോക്കു ചൂണ്ടി ഒരു സി.ഐ വെടിയുതിര്‍ത്ത സംഭവവും ഞെട്ടിക്കുന്നതായിരുന്നു.

പൊലീസ് മര്‍ദ്ദനത്തിന്റെ കെടുതികള്‍ ശരീരത്തില്‍ ഏറ്റുവാങ്ങി ജീവിക്കുന്ന അനവധി പേര്‍ ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. രാഷ്ട്രീയത്തിലുള്ളവരും വഴി മാറി നടന്നവരും അക്കൂട്ടത്തിലുണ്ട്. ഒരിക്കലും എണ്ണിതിട്ടപ്പെടുത്താന്‍ കഴിയുന്ന നമ്പറല്ല അത്. സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടും. പൊലീസ് കണ്ണ് അടിച്ച് പൊട്ടിച്ചതിനാല്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട എന്‍.പി പ്രതാപ് കുമാര്‍ ഇപ്പോള്‍ കോഴിക്കോട് കോടതിയിലെ അഭിഭാഷകനാണ്. ഗീന കുമാരി എന്ന എസ്.എഫ്.ഐ നേതാവ് ഏറ്റുവാങ്ങിയ മര്‍ദ്ദനമൊന്നും ഒരു ഖദര്‍ ധാരിയായ ‘പെണ്‍കൊടിയും’ ഇന്നുവരെ വാങ്ങിയിട്ടില്ല. എസ്.എഫ്.ഐ നേതാക്കളായിരിക്കെ സിന്ധു ജോയിയുടെയും അമൃതയുടെയും കാലുകള്‍ തല്ലിയൊടിച്ചതും പൊലീസാണ്. ഇങ്ങനെ എണ്ണിയെണ്ണി പറയാന്‍ നിരവധി അനുഭവങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്. അതില്‍ ഏതാനും ചിലത് മാത്രമാണ് ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കൂടുതല്‍ അറിയണമെങ്കില്‍ സി.പി.എം എം.എല്‍.എമാരോട് തന്നെ ഷാഫിയും ശബരീനാഥും ചോദിക്കണം. സ്വന്തം അനുഭവങ്ങള്‍ അവര്‍ തന്നെ പറഞ്ഞു തരും. സമരങ്ങളും പൊലീസ് ലാത്തിച്ചാര്‍ജുമൊന്നും പുതിയ സംഭവങ്ങളല്ല. പൊതു പ്രവര്‍ത്തനത്തില്‍ അത് സ്വാഭാവികമാണ്. വെല്ലുവിളികളെ നേരിട്ട് മുന്നോട്ട് പോകുന്നതിലാണ് നേതൃത്വം മിടുക്ക് കാട്ടേണ്ടത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതൃത്വങ്ങളുടെ ചരിത്രവും അതാണ്. ‘കൈ’ നനയാതെ മീന്‍ പിടിക്കുന്നവര്‍ക്ക് ‘കൈ’ പൊള്ളിയത് ഒരു പക്ഷേ ഇപ്പോള്‍ ആദ്യമായിരിക്കും. അതുകൊണ്ടാണ് ഈ വിലാപം എം.എല്‍.എമാരുടെ അടുത്ത് നിന്നു തന്നെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ‘കളങ്കമില്ലെങ്കില്‍’ ശക്തമായി മുന്നോട്ട് പോകുകയാണ് യൂത്ത് കോണ്‍ഗ്രസ്സ് ചെയ്യേണ്ടത്. അതല്ലാതെ വിലപിച്ചിട്ട് ഒരു കാര്യവുമില്ല. അനുയായികളുടെ ഉള്ള ആത്മവിശ്വാസത്തെയും കെടുത്താനേ ഇത്തരം നിലപാടുകള്‍ ഉപകരിക്കുകയുള്ളു. ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.

Top