ഇതരസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്ന യുവാക്കളെ അറസ്റ്റ് ചെയ്തു

Theft in kochi

തൃശൂര്‍: ഇതരസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്ന അന്തര്‍സംസ്ഥാന ക്രിമിനല്‍ സംഘത്തിലെ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച് യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബീഹാര്‍ സ്വദേശികളായ സാഹിബ് കുമാര്‍ സഹാനി (22 ), സുകത് സഹാനി (24 ), ചുന്നു സഹാനി (20 ), ബുവാലി കുമാര്‍ (25 ), ചന്ദന്‍ കുമാര്‍ (25 ) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ റഫിക്കുലിനെ കബളിപ്പിച്ച് നായ്ക്കനാലിലെ പൊതുമേഖലാ ബാങ്കില്‍ നിന്നും പതിനായിരം രൂപ കബളിപ്പിച്ചെടുത്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലാകുന്നത്.

അറസ്റ്റിലായ അഞ്ചുപേരും ബീഹാറിലെ ചമ്പാരന്‍ ഗ്രാമത്തിലെ ആളുകളാണ്. തൃശൂര്‍, ആലുവ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളില്‍ നിരവധി ആളുകള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ അഞ്ചുപേരില്‍ നിന്ന് ഒമ്പത് മൊബൈല്‍ ഫോണുകളും, 58,000 രൂപയും , ഇവര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്ന കടലാസുകൊണ്ട് ഉണ്ടാക്കിയ വ്യാജ നോട്ടുകെട്ടുകളും പൊലീസ് കണ്ടെടുത്തു.

സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ബാബു കെ. തോമസ്, ഈസ്റ്റ് സി.ഐ. ബിജു എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, സതീഷ് പുതുശ്ശേരി, എ.എസ്.ഐമാരായ മുഹമ്മദ് അഷ്റഫ്, എന്‍.ജി സുവൃതകുമാര്‍, പി.എം. റാഫി, വിനയചന്ദ്രന്‍ , കെ. ഗോപാലകൃഷ്ണന്‍ , സീനിയര്‍ സി.പി.ഒ ടി.വി ജീവന്‍ , സി.പി.ഒമാരായ പി.കെ പഴനിസ്വാമി, എം.എസ് ലിഗേഷ്, കെ.ബി. വിപിന്‍ദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Top